ഖരമാലിന്യ പരിപാലന പദ്ധതിക്ക് കരട് രൂപരേഖ
text_fieldsതൊടുപുഴ: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ തൊടുപുഴ നഗരസഭയിലെ കരട് രൂപരേഖ തയാറായി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെയും പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ കരട് രൂപരേഖ അവതരണം തൊടുപുഴ ടൗണ്‍ഹാളില്‍ നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നഗരസഭയില്‍ അടുത്ത അഞ്ച് വര്‍ഷം കെ.എസ്.ഡബ്ല്യൂ.എം.പി മുഖേന നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. 12 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതില്‍ ആദ്യ രണ്ട് വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിന് 2.28 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം ലഭിച്ചു.
നഗരസഭയിലെ ഖരമാലിന്യ പരിപാലന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലൂന്നി മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരം, മാലിന്യ പരിപാലനം, സംസ്കരണം എന്നിവക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുക, ഖരമാലിന്യ പരിപാലനത്തിനുള്ള സമഗ്ര മാസ്റ്റര്‍പ്ലാന്‍ തയാറാക്കുക, പ്രാദേശിക മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മാലിന്യപരിപാലനത്തിന് അത്യാധുനിക ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുക, സാമൂഹ്യ പെരുമാറ്റവും ആശയ വിനിമയവും മെച്ചപ്പെടുത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുക എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതിരേഖ തയാറാക്കിയത്.
ഖരമാലിന്യ പരിപാലന പദ്ധതി ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി എൻജിനീയര്‍ ജിഷ്ണു, തൊടുപുഴ പദ്ധതി നിര്‍വഹണ യൂനിറ്റ് എൻജിനീയര്‍ ഹേമന്ത് പി.ജി. എന്നിവര്‍ കരട് രൂപരേഖ അവതരിപ്പിച്ചു. 2023-24 മുതല്‍ 2027-28 വരെ അഞ്ച് ഘട്ടങ്ങളായാണ് പദ്ധതി പൂര്‍ത്തീകരിക്കുക. എല്ലാ വര്‍ഷവും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിവിധ വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളും ശാക്തീകരണ പ്രവര്‍ത്തനങ്ങളും നഗരസഭതലത്തില് നടപ്പാക്കും.
യോഗത്തില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.എ. കരീം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്പേഴ്സൻ ജെസി ജോണി മുഖ്യപ്രഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായ പി.ജി. രാജശേഖരന്, ഡെപ്യൂട്ടി ജില്ല കോഓഡിനേറ്റര്‍ രാഹുല്‍ എം.കെ., ജനറല്‍ സൂപ്രണ്ടും സെക്രട്ടറി ഇന്‍ ചാര്‍ജുമായ അംബിക വി, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ മീരാന്‍കുഞ്ഞ് ഇ.എം., കെ.എസ്.ഡബ്ല്യു.എം.പി ടെക്നിക്കല്‍, മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.