വെള്ളം കുടിച്ചോളൂ; കരുതലോടെ...
text_fieldsതൊടുപുഴ: കൊടുംചൂടിൽ ദാഹമകറ്റാൻ കുപ്പിവെള്ളം വാങ്ങുന്നവർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകൾ, കോളകൾ എന്നിവ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് സുരക്ഷിതമല്ല. അതിനാൽ സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ കുപ്പിവെള്ളം വിതരണം നടത്തുകയോ വിൽപന നടത്തുകയോ ചെയ്യരുതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ കുപ്പിവെള്ളം വിൽപനക്ക് വെച്ചാൽ അവ ഉപയോഗിക്കരുതെന്നും ഇതുസംബന്ധിച്ചു പരാതിപ്പെടാമെന്നും അധികൃതർ പറഞ്ഞു.
കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പോളി എത്തിലീൻ ടെറഫ് താലേറ്റ് (പെറ്റ്) വിഭാഗത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് സാധാരണ കുപ്പികൾ നിർമിക്കുന്നത്.
വെള്ളത്തിലൂടെ രക്തത്തിൽ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങൾക്ക് വഴിയൊരുക്കും. അതിനാൽ, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. കുപ്പിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകൾ ജില്ലയിൽ നടന്നുവരുകയാണെന്നും വെയിലേൽക്കുന്ന രീതിയിൽ കുപ്പിവെള്ളം സൂക്ഷിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമീഷണർ പറഞ്ഞു.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ:
- കുപ്പിവെള്ളം, സോഡ, മറ്റു ശീതളപാനീയങ്ങൾ തുടങ്ങിയവ തുറന്ന വാഹനങ്ങളിൽ വിതരണത്തിന് കൊണ്ടുപോകരുത്.
- കടകളിൽ വിൽപനക്ക് വെച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതളപാനീയങ്ങൾ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത രീതിയിൽ സൂക്ഷിക്കണം. കടകൾക്കു വെളിയിൽ വെയിലേൽക്കുന്ന രീതിയിൽ തൂക്കിയിടാനോ വെക്കാനോ പാടില്ല.
- കുപ്പിവെള്ളത്തിൽ ഐ.എസ്.ഐ മുദ്രയുണ്ടോ എന്ന് ഉറപ്പുവരുത്തണം. പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ലെന്നും ഉറപ്പാക്കണം.
- വെയിലത്തു പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുപ്പിവെള്ളം സൂക്ഷിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.