കുടിവെള്ള വിതരണത്തിൽ അനാസ്ഥ പമ്പ് ഓപറേറ്ററെ നീക്കണം-മനുഷ്യാവകാശ കമീഷൻ
text_fieldsതൊടുപുഴ: കുടിവെള്ളം പമ്പ് ചെയ്യുന്നയാളുടെ അവഗണന കാരണം വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയിൽ പമ്പ് ഓപ്പറേറ്ററെ തൽസ്ഥാനത്ത്നിന്ന് നീക്കുകയോ ഭാവിയിൽ ഇത്തരം അവകാശ ലംഘനങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കുകയോ ചെയ്യണമെന്ന് മനുഷ്യാവകാശ കമീഷൻ. തൊടുപുഴ ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. തൊടുപുഴ നെടിയശാല സ്വദേശിനി കാതറിൻ മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി. എക്സിക്യൂട്ടീവ് എൻജിനീയറിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. മുണ്ടൻ മല ജലസംഭരണിയിൽനിന്നാണ് പരാതിക്കാരിക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്.
ഒന്നിടവിട്ട ദിവസങ്ങളിലാണ് ജലവിതരണം. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ചു. മീറ്ററിലും കണക്ഷനിലും തകരാറില്ല. പരാതിക്കാരിയുടെ വീട് ഉയർന്ന ഭാഗത്താണ്. വാൽവ് നിയന്ത്രണത്തിൽ ആവശ്യമായ മാറ്റം വരുത്തി പ്രദേശത്ത് കുടിവെള്ള വിതരണം സുഗമമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, പമ്പ് ഓപ്പറേറ്ററുടെ അനാസ്ഥ കാരണമാണ് തനിക്ക് വെള്ളം ലഭിക്കാത്തതെന്ന് പരാതിക്കാരി കമീഷനെ അറിയിച്ചു.
അര മണിക്കൂറെങ്കിലും പമ്പ് ചെയ്യാൻ നടപടിയെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പമ്പ് ഓപ്പറേറ്റർ അടിസ്ഥാന അവകാശമായ കുടിവെള്ളം ലഭ്യമാക്കുന്നതിൽ മനപൂർവം തടസം സൃഷ്ടിക്കുകയാണെന്ന് ഉത്തരവിൽ പറഞ്ഞു.
സിറ്റിങ് മൂന്നാറിൽ
തൊടുപുഴ: മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി ബുധനാഴ്ച രാവിലെ 10.30 ന് മൂന്നാർ ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.