തെരഞ്ഞെടുപ്പ്: ഒരുക്കം വിലയിരുത്തി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഇടുക്കിയിൽ
text_fieldsതൊടുപുഴ: ഇടുക്കി ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താൻ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ ജില്ലയിലെത്തി. രാവിലെ കലക്ടറേറ്റിലെത്തിയ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറെ കലക്ടര്‍ ഷീബ ജോര്‍ജ്, സബ് കലക്ടര്‍മാരായ ഡോ. അരുണ്‍ എസ്. നായര്‍, വി.എം. ജയകൃഷ്ണന്, ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തില്‍ ജില്ല ഇലക്ഷന് ഓഫിസര്‍ കൂടിയായ കലക്ടർ, അസി.റിട്ടേണിങ് ഓഫിസര്‍മാര്‍, ഇലക്ട്രറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ എന്നിവർ പങ്കെടുത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടം തയാറാക്കിയ ഇടുക്കി ഇലക്ഷൻ മാനേജമെന്റ് പ്ലാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ പ്രകാശനം ചെയ്തു.സുരക്ഷിതവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജില്ലകളിലുള്ള സാഹചര്യം വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം കുറഞ്ഞ ബൂത്തുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്.
കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാ ബൂത്തുകളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്കാന് നിർദേശം നല്‍കിയിട്ടുണ്ട്. ബൂത്തുകളില്‍ കുടിവെള്ളം, വൈദ്യുതി, ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ് തുടങ്ങിയവ ഉറപ്പുവരുത്തണം. തുടര്‍ന്ന് 12ന് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ ജില്ല പൊലീസ് മേധാവി, ആർ.ടി.ഒ, എക്സൈസ്, ജി.എസ്.ടി, ഫോറസ്റ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ക്രമസമാധാനം, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി. പ്രശ്നസാധ്യയുള്ള ബൂത്തുകളുടെ തല്‍സ്ഥിതി പരിശോധിക്കാന്‍ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നല്കി. വോട്ട് ചെയ്യുന്നതിൽ വിമുഖത കാണിക്കുന്നവരെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം.
കൂടുതല്‍ സ്ത്രീ സൗഹൃദ ബൂത്തുകൾ ഇത്തവണ ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ മാതൃകാപെരുമാറ്റച്ചട്ടമനുസരിച്ചാണ് പ്രവര്‍ത്തനം നടക്കുന്നതെന്ന് ഉറപ്പാക്കാന്‍ സജ്ജമായിരിക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ട്രോങ് റൂം, കൗണ്ടിങ് ഹാള്‍ എന്നിവക്കായി തെരഞ്ഞെടുത്തിട്ടുള്ള പൈനാവ് എം.ആര്.എസ് സ്കൂള്‍ സി.ഇ.ഒ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ബൂത്തുകള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സന്ദര്‍ശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.