‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള ഏപ്രില്‍ 28 മുതല്‍
text_fieldsതൊടുപുഴ: ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയുടെ രണ്ടാം എഡിഷന് ഏപ്രില്‍ 28 മുതല്‍ മേയ് നാലുവരെ ജില്ല ആസ്ഥാനത്ത് നടക്കും.മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. വാഴത്തോപ്പ് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ മൈതാനത്ത് ഏഴു ദിവസം നീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍, പദ്ധതികൾ എന്നിവയെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാക്കുന്ന സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. വാണിജ്യസ്റ്റാളുകളും മേളയുടെ ഭാഗമാകും.
ടൂറിസം, വ്യവസായം, കൃഷി തുടങ്ങിയ പ്രധാന മേഖലകള്‍ തിരിച്ച് സെമിനാറുകള്‍, കോളജ് വിദ്യാർഥികള്‍ക്കായി വിദഗ്ധരുടെ ക്ലാസുകള്‍ എന്നിവയുമുണ്ടാകും. പ്രാദേശിക കലാസംഘങ്ങള്‍ക്കും മേളയില്‍ അവസരം ലഭിക്കും. ഏപ്രില്‍ 28ന് ചെറുതോണിയില്‍നിന്ന് ആരംഭിച്ച് വാഴത്തോപ്പ് സ്കൂളിലെ മേള നഗരിയില്‍ എത്തുന്ന സാംസ്കാരിക ഘോഷയാത്രയോടെയാകും പരിപാടിക്ക് തുടക്കമാകുക.
യോഗത്തില്‍ എം.എം. മണി എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, കലക്ടര്‍ ഷീബ ജോര്‍ജ്, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, സബ് കലക്ടര്‍മാരായ ഡോ. അരുണ്‍ എസ്. നായര്‍, രാഹുല്‍കൃഷ്ണ ശര്‍മ, പി.ആർ.ഡി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്. പ്രമോദ് കുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി.എസ്. വിനോദ്, ജില്ലതല വകുപ്പ് മേധാവികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.