ഇടുക്കിയിൽ പിടിമുറുക്കി പകർച്ചവ്യാധികൾ
text_fieldsതൊടുപുഴ: മഴക്കൊപ്പം ജില്ലയില്‍ പകര്‍ച്ച വ്യാധികളും പിടിമുറുക്കുന്നു. ഡെങ്കിപ്പനി പലയിടങ്ങളിലും വ്യാപകമാകുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ മാസവും കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് മാസം രോഗം സംശയിക്കുന്ന 76 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 40 കേസുകള്‍ സ്ഥിരീകരിച്ചു. ഏപ്രിലില്‍ രോഗം സംശയിക്കുന്നവരുടെ എണ്ണം 195 ആയി ഉയര്‍ന്നു.
54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍, ഈ മാസം 19 വരെ രോഗം സംശയിക്കപ്പെടുന്നവരുടെ എണ്ണം 293 ആണ്. 25 പേര്‍ക്കാണ് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത വേനലില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായെങ്കിലും മഴ ശക്തിപ്പെട്ടതോടെ നേരിയ തോതില്‍ കുറഞ്ഞു തുടങ്ങിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. മനോജ് പറഞ്ഞു.
മഞ്ഞപ്പിത്തവും ഈ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അഞ്ചു പേര്‍ക്ക് രോഗം സംശയിച്ചതില്‍ ഒരാള്‍ക്ക് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 11 പേര്‍ക്ക് സംശയിച്ചതില്‍ രണ്ടു പേര്‍ക്കാണ് സ്ഥിരീകരണം. മാര്‍ച്ചില്‍ ഏഴു പേര്‍ക്ക് രോഗം സംശയിച്ചെങ്കിലും ഒരു കേസും റിപ്പോര്‍ട്ട് ചെയ്തില്ല.
ഈ മാസം 10 പേര്‍ക്ക് മലമ്പനിയും പിടിപെട്ടു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ബാധ സ്ഥിരീകരിച്ചത്. ഒരു എലിപ്പനി കേസും റിപ്പോര്‍ട്ട് ചെയ്തു. ചിക്കന്‍പോക്സ് ഈ മാസം 24, ഏപ്രിലില്‍ 61, മാര്‍ച്ചില്‍ 42 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത വേനല്‍ച്ചൂടില്‍ പനി ബാധിതരുടെ എണ്ണവും കൂടിയിരുന്നു.
മാര്‍ച്ചില്‍ 5,085 പേരാണ് പകർച്ചപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കഴിഞ്ഞ മാസം 5,231 പേരും ഈ മാസം 3,646 പേരും ചികില്‍സ തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.