പനി പടരുമ്പോഴും മരുന്ന് ക്ഷാമം തുടരുന്നു
text_fieldsതൊടുപുഴ: ജില്ലയിൽ പനി പടരുമ്പോഴും സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം. ജീവിത ശൈലീരോഗങ്ങൾ, കൊളസ്ട്രോൾ, പ്രമേഹം എന്നിവക്ക് ഉൾപ്പെടെയുള്ള മരുന്നുകളും പാരസെറ്റമോൾ, കുട്ടികൾക്കുള്ള ചുമയുടെ മരുന്ന് തുടങ്ങിയവ കിട്ടാനില്ല. കുട്ടികൾക്കുള്ള സിറപ്പുകൾക്ക് ക്ഷാമം തുടങ്ങിയിട്ട് ഒരു മാസത്തോളമായി. പുറത്തുള്ള മെഡിക്കൽ സ്റ്റോറുകളിലേക്ക് കുറിക്കുകയാണ് പ്രാഥമിക കേന്ദ്രങ്ങളിലടക്കം ചെയ്യുന്നത്.
ചോദ്യം ചെയ്യുമ്പോൾ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. ആശുപത്രി വികസന സമിതിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും ഉപയോഗിച്ച് മരുന്ന് വാങ്ങാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും പ്രശ്ന പരിഹാരമാകുന്നില്ല. ഈ വർഷത്തേക്ക് വേണ്ട മരുന്നുകളുടെ കണക്ക് നേരത്തേതന്നെ നൽകിയിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജില്‍ വരെ അവശ്യമരുന്നുകള്‍ പലതും കിട്ടാനില്ല. വിലകൂടിയ മരുന്നുകള്‍ പലതും കാരുണ്യ ഫാര്‍മസികളിലും ലഭ്യമല്ല. മഴക്കാലമായതിനാൽ വൈറൽ പനികളും മറ്റ് പകർച്ചവ്യാധികളും പിടിമുറുക്കുകയാണ്. കൂടുതൽ പേർ ആശുപത്രികളെ ആശ്രയിക്കുന്ന സമയം കൂടിയാണ്. തുച്ഛമായ അളവിലാണ് ആശുപത്രികളിലേക്ക് മരുന്നുകളെത്തുന്നത്.
മരുന്ന് സ്റ്റോക്കുള്ള ആശുപത്രികൾ തേടി അലയേണ്ട സാഹചര്യമാണ് ഇപ്പോൾ പല ആശുപത്രികളിലും. സ്റ്റോക്ക് ചെയ്ത മരുന്നിനെക്കാൾ കൂടുതൽ ആളുകളാണ് ഇപ്പോൾ ആശുപത്രികളിൽ എത്തുന്നത്. അതും മരുന്നുകളുടെ കൃത്യമായ വിതരണത്തിന് തടസ്സമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.