അമിത വൈദ്യുതി ബില്‍; ചർച്ചയിൽ തീരുമാനമായില്ല
text_fieldsതൊടുപുഴ: അമിത വൈദ്യുതി ബില്‍ സംബന്ധിച്ച ആശങ്ക പരിഹരിക്കാൻ നഗരസഭ ഓഫിസില്‍ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഉപഭോക്താക്കള്‍ ഉപയോഗിച്ച വൈദ്യുതിയുടെ ബില്‍ അടച്ചേ പറ്റൂവെന്ന നിലപാടില്‍ കെ.എസ്.ഇ.ബി അധികൃതര്‍ ഉറച്ചുനിന്നതോടെയാണ് ചർച്ച അലസിയത്.
അമിതമായി രേഖപ്പെടുത്തിയ വൈദ്യുതി ബില്‍ അടക്കാത്തതില്‍ വീടുകളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കാൻ കഴിഞ്ഞദിവസം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തിയത് രൂക്ഷമായ വാക്കേറ്റത്തിനും തര്‍ക്കത്തിനും ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ ഓഫിസിൽ ചെയർമാൻ സനീഷ് ജോർജ് അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നത്.
തൊടുപുഴ വെങ്ങല്ലൂര്‍, വേങ്ങത്താനം ഭാഗത്തായിരുന്നു കഴിഞ്ഞ ദിവസം പ്രതിഷേധമുണ്ടായത്. അറുപതിനായിരത്തോളം രൂപയുടെ ബില്‍ ലഭിച്ച മണര്‍കാട് സണ്ണി സെബാസ്റ്റ്യന്റെ വീട്ടിൽ ഉദ്യോഗസ്ഥര്‍ എത്തിയതോടെയാണ് പ്രതിഷേധമുണ്ടായത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. വിവരമറിഞ്ഞ് തൊടുപുഴ മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ്, കൗണ്‍സിലര്‍ കെ. ദീപക്, മുന്‍ കൗണ്‍സിലര്‍ കെ.കെ. ഷിംനാസ്, എ.കെ. ബൈജു, മണികണ്ഠന് തുടങ്ങിയവരും വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും സ്ഥലത്തെത്തി.
വീടുകളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശമുണ്ടെന്നും വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമേ മടങ്ങൂവെന്നും പറഞ്ഞ് അസി. എക്സിക്യൂട്ടിവ് എൻജിനീയറും സംഘവും പിന്മാറാന് തയാറായില്ല. പ്രതിഷേധം കനത്തതോടെ ഉദ്യോഗസ്ഥര്‍ 35,000 രൂപയുടെ ബില്‍ ലഭിച്ച മുളയ്ക്കല്‍ എം.എസ്. പവനന്റെ കണക്ഷന് വിച്ഛേദിക്കാനെത്തി. എന്നാല്‍, ഇവിടെയും നാട്ടുകാര്‍ പ്രതിരോധിച്ചു. പൊലീസ് അകമ്പടിയോടെയാണ് പവനന്റെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ എത്തിയത്.
കഴിഞ്ഞ ജൂലൈയിലാണ് വന്‍ തുകകള്‍ രേഖപ്പെടുത്തിയ വൈദ്യുതി ബില്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. അന്നും വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നിരുന്നു. ശനിയാഴ്ചത്തെ യോഗത്തിൽ കെ.എസ്.ഇ.ബി അധികൃതർ വഴങ്ങാൻ തയാറായില്ലെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. വലിയ ബില്‍ തുക പ്രതിമാസ തവണകളായി അടക്കാൻ തയാറാണെന്നും തവണകള്‍ 12 മാസം എന്നുള്ളത് 24 ആക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടതായി ചെയർമാൻ പറഞ്ഞു. എന്നാൽ, മാസത്തവണകള്‍ 12 എണ്ണം മാത്രമേ അനുവദിക്കാനാകൂ എന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. ബില്‍ തുക കുറക്കാനുമാകില്ല.
നിയമപരമായി മാത്രമാണ് മുന്നോട്ടുപോകുന്നതെന്നും കുടിശ്ശിക വന്നാല്‍ വിച്ഛേദിക്കുക മാത്രമാണ് നടപടിയെന്നും അധികൃതര്‍ പറഞ്ഞു. ബോര്‍ഡ് നടപടിയുമായി മുന്നോട്ടുപോയാല്‍ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ചെയർമാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.