വോട്ട് ചെയ്യാനെത്തി, ആരോ ചെയ്തു പോയി; കള്ള വോട്ടിനെതിരെ വ്യാപക പരാതി
text_fieldsതൊടുപുഴ: സമാധാനപരമായ തെരഞ്ഞെടുപ്പിനിടയിലും അപശ്രുതിയായി കള്ളവോട്ടിനെ കുറിച്ച് പരാതി. കരിമണ്ണൂരിൽ ബൂത്തിലെത്തിയ രണ്ടുപേരുടെ വോട്ട് നേരത്തെ ആരോ ചെയ്തുപോയെന്ന് പരാതി. കൂമ്പൻപാറയിൽ ഇരട്ടവോട്ട് ചെയ്യാനെത്തിയയാൾ പിടിയിലായി. തൊടുപുഴ കരിമണ്ണൂർ ഹോളി ഫാമിലി എൽ.പി.സ്കൂളിലെ 63, 66 ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയ കുന്നപ്പിള്ളി ജെസ്സി ജോസ്, പടിഞ്ഞാറെ കുറ്റ് ഷാജു മാത്യു എന്നിവരുടെ വോട്ടാണ് അവരെത്തും മുമ്പെ ആരോ ചെയ്തത്. ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകി. ഇവർ വരണാധികാരിക്ക് പരാതി നൽകി. ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സി.പി.എം നേതാവിനെ യു.ഡി.എഫ് ബൂത്ത് ഏജന്റുമാർ പിടികൂടി പൊലീസിന് കൈമാറി.
ആറാം മൈൽ സ്വദേശി ബിജുവിനെയാണ് പിടികൂടിയത്. 77 ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80 ാം നമ്പർ ബൂത്തിലും വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പിടിയിലായത്. ഇടുക്കി ഖജനാപ്പാറയിലും കള്ളവോട്ട് നടന്നതായി പരാതി. ഖജനാപ്പാറയിലെ 19ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. ഖജനാപ്പാറ സ്വദേശി മുരുകൻ മൂക്കൻ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തിയത്.
കൂമ്പൻപാറയിലാണ് ഇരട്ട വോട്ടിനുള്ള ശ്രമം പിടികൂടിയത്. 16ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയിൽ പെട്ട ഉദ്യോഗസ്ഥർ തടഞ്ഞു. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായ്ക്കാതെ ഇടുക്കിയിൽ വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ഇയാൾ. നടപടികൾ ഒന്നും എടുക്കാതെ ഇയാളെ പറഞ്ഞയച്ചെന്നും പരാതിയുണ്ട്.
ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കൻഡറി സ്കൂളിലെ 57ാം നമ്പർ ബൂത്തിൽ ഇരട്ട വോട്ട് ചെയ്യാനെത്തിയ വനിതയെ ഉദ്യോഗസ്ഥർ പിടികൂടി. ആദ്യ റൗണ്ട് വോട്ടെടുപ്പ് നടന്ന തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായാതെ ഉടുമ്പൻചോലയിൽ വോട്ട് ചെയ്യാനെത്തിയ വനിതയെ ആണ് ഉദ്യോഗസ്ഥർ മടക്കി അയച്ചത്. എന്നാൽ, ഇവരുടെ ഭർത്താവ് നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയതായി പരാതി ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.