തൊടുപുഴ അർബൻ കോഓപറേറ്റിവ് ബാങ്കിനെതിരെ വ്യാജപ്രചാരണമെന്ന്
text_fieldsതൊടുപുഴ: അർബൻ കോഓപറേറ്റീവ് ബാങ്കിനെതിരെ നടക്കുന്ന ആക്ഷേപങ്ങൾ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് ബാങ്ക് ചെയർമാൻ വി.വി. മത്തായിയും വൈസ് ചെയർമാൻ ടി.കെ. ശിവനും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നോട്ട് നിരോധനവും പ്രളയവും കോവിഡും യു.ഡി.എഫ് സർക്കാർ ബാർ ലൈസൻസ് പിൻവലിച്ചതും മൂലമുണ്ടായ സാമ്പത്തിക മുരടിപ്പ് തൊടുപുഴ അർബൻ ബാങ്കിനെയും ബാധിച്ചു. തുടർന്നാണ് റിസർവ് ബാങ്ക് (ആർ.ബി.ഐ)ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ബാങ്ക് അനുവദിച്ച വായ്പയിൽനിന്ന് 20 കോടി സമാഹരിച്ചാൽ നിയന്ത്രണം പിൻവലിക്കാമെന്ന് ആർ.ബി.ഐ ഉറപ്പ് പറഞ്ഞതാണ്.
ജീവനക്കാരും ഭരണസമിതിയും കൂട്ടായി നടത്തിയ യജ്ഞത്തിലൂടെ 85 കോടി സമാഹരിച്ചെങ്കിലും നിയന്ത്രണം നീക്കാൻ ആർ.ബി.ഐ സന്നദ്ധമായിട്ടില്ല. 2023ൽ ബാങ്കിന്റെ ലാഭം 27 കോടിയാണ്. നിലവിൽ 133 കോടിയുടെ നിക്ഷേപമുണ്ട്.150 കോടിയാണ് ബാലൻസ്. 95 കോടി വായ്പയുണ്ട്.
ആർ.ബി.ഐ നിഷ്കർഷിച്ച അറ്റ നിഷ്ക്രിയ ആസ്തി ആറ് ശതമാനത്തിലെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. തൊടുപുഴ അർബൻ ബാങ്കിന്റെ മൂലധന പര്യാപ്തത 20 ശതമാനമാണ്. ആർ.ബി.ഐ നിഷ്കർഷിക്കുന്നത് ഒമ്പത് ശതമാനമാണ്. ഏത് നിലയിൽ നോക്കിയാലും സുരക്ഷിതമായ നിലയിലാണ് ബാങ്ക് എന്നിരിക്കെ രാഷ്ട്രീയ ലാക്കോടെ ദുഷ്പ്രചാരണം നടത്തുകയാണ് ചിലരെന്നും ബാങ്ക് ഭാരവാഹികൾ ആരോപിച്ചു.
ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം രാജീവ് പുഷ്പാംഗദൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.പി. ജോയി, ജയകൃഷ്ണൻ പുതിയേടത്ത്, എം.എൻ. പുഷ്പലത, സഫിയ ബഷീർ, മാനേജിങ് ഡയറക്ടർ ജോസ് കെ. പീറ്റർ, ജനറൽ മാനേജർ എം.എൻ. ബിന്ദു എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.