കാരവൻ കേരള പദ്ധതി: ആദ്യ കാരവാൻ പാർക്ക് വാഗമണിൽ
text_fieldsതൊടുപുഴ: ഇടുക്കി ജില്ല ടൂറിസത്തിന് പുത്തൻ ഉണർവ് നൽകി സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ ആരംഭിക്കുന്നു. കുന്നും കാടും കടലും കായലും എല്ലാം ഇനി സഞ്ചരിച്ച് കാണാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
സ്ക്രീനിൽ മാത്രം കണ്ട് പരിചയമുള്ള കാരവാനുകൾ കേരള ടൂറിസത്തിന്റെ ഭാഗമാകുന്നത് ടൂറിസം മേഖലയിൽ കൂടുതൽ സാധ്യതകൾ തുറക്കും. സ്വകാര്യ സംരംഭ സഹകരണത്തോടെയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കാരവാൻ കേരള പദ്ധതി നടപ്പാക്കുന്നത്. 2021 ഒക്ടോബറിൽ ആരംഭിച്ച കാരവാൻ കേരള പദ്ധതിയിൽ സ്വകാര്യ മേഖലയിൽനിന്ന് ഇതുവരെ 303 കാരവാനുകൾക്കായി 154 അപേക്ഷ ടൂറിസം വകുപ്പിന് ലഭിച്ചു. ആദ്യ 100 കാരവാൻ പാർക്കുകൾക്കായി 67 സ്ഥാപനങ്ങൾ മുന്നോട്ടുവന്നുകഴിഞ്ഞു. സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വേനലവധിക്ക് മുമ്പ് വാഗമണിൽ തുറക്കും.
ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടിയ അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളുള്ള കാരവനുകളാണ് ഒരുക്കുന്നത്.
അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവൻ പാർക്കുകൾക്ക് അനുമതി നൽകുന്നത്. 50 സെന്റാണ് കാരവൻ പാർക്കുകൾക്ക് ആവശ്യമായ കുറഞ്ഞ സ്ഥലം. ആദ്യ 100 കാരവൻ അപേക്ഷകർക്ക് 7.5 ലക്ഷം രൂപ അല്ലെങ്കിൽ നിക്ഷേപതുകയുടെ 15 ശതമാനം, അടുത്ത 100പേർക്ക് യഥാക്രമം 5 ലക്ഷം, അല്ലെങ്കിൽ 10 ശതമാനം, അടുത്ത 100 പേർക്ക് 2.5 ലക്ഷം രൂപ അല്ലെങ്കിൽ അഞ്ച് ശതമാനം എന്നിങ്ങനെ സബ്സിഡി വിനോദസഞ്ചാര വകുപ്പ് നൽകുന്നുണ്ട്.
നെൽവയൽ, കൃഷി, ജലസംഭരണി, ഉൾനാടൻ മത്സ്യബന്ധനം, പരമ്പരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ, കലാകാരന്മാർ, കുടുംബശ്രീ പോലുള്ള സംരംഭങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി വിപുലമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.