കൊടുചൂട്; ജാഗ്രതയുണ്ടെങ്കിൽ ‘കട്ടാവില്ല കറണ്ട്’
text_fieldsതൊടുപുഴ: വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ ഉപഭോക്താക്കളുടെ സഹകരണം തേടി കെ.എസ്.ഇ.ബി. വൈദ്യുതി മുടക്കം വ്യാപകമാകുന്നു എന്ന പരാതിക്കിടെയാണ് ജനങ്ങളുടെ സഹകരണം കൂടി കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്.
എ.സിയുടെ ഉപയോഗം വളരെയധികം കൂടിയതും രാത്രി വൈദ്യുതി വാഹനങ്ങള്‍ കൂടുതലായി ചാര്‍ജ് ചെയ്യുന്നതും വൈദ്യുതി വിതരണ സംവിധാനത്തെ കാര്യമായി ബാധിച്ചതായാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. വൈകീട്ട് ഏഴിനുശേഷം പ്രസരണ വിതരണ ട്രാന്‍സ്ഫോര്‍മറുകളുടെ ലോഡ് ക്രമാതീതമായി വര്‍ധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. തൊടുപുഴ മേഖലയിൽ അഞ്ച് ട്രാൻസ്ഫോർമറാണ് ഒരാഴ്ചക്കിടെ തകരാറിലായത്.
വൈദ്യുതിയുടെ ഉപയോഗം കൂടുന്നത് കാരണം ലൈനില്‍ ലോഡ് കൂടി ഫ്യൂസ് പോകുന്നതും വോള്‍ട്ടേജില്‍ ഗണ്യമായ കുറവുണ്ടാകുന്നതും നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ്. രണ്ടാഴ്ചയായി സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂനിറ്റിനു മുകളിലാണ്. വൈദ്യുതി ഉപയോഗത്തിലെ സര്‍വകാല റെക്കോഡായ 10.77 കോടി യൂനിറ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. വൈദ്യുതി ആവശ്യകത പ്രസരണ വിതരണ ശൃംഖലയെ ബാധിച്ചതാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് കാരണം. മുന്‍കാലങ്ങളില്‍ പീക് ലോഡ് ആവശ്യകത വൈകീട്ട് ആറു മുതല്‍ പത്തുമണി വരെയായിരുന്നുവെങ്കില്‍ ഇപ്പോഴത് രാത്രി 12വരെയായിട്ടുണ്ട്.
വൈദ്യുതി വിതരണം തടസ്സരഹിതമാക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ
ഉപഭോക്താക്കളുടെ സഹകരണമുണ്ടെങ്കില്‍ വൈദ്യുതി വിതരണം തടസ്സരഹിതമായി നിര്‍വഹിക്കാന്‍ കെ.എസ്.ഇ.ബിക്ക് കഴിയുമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.ആർ. രാജീവ് പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ രാത്രി എ.സിയുടെ ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാല്‍, താപനില 25 ഡിഗ്രി സെല്‍ഷ്യസിലോ അതിനു മുകളിലോ ആക്കി നിലനിര്‍ത്താന്‍ കഴിയും. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് ആരോഗ്യകരമാണ് എന്നു മാത്രമല്ല വലിയതോതില്‍ വൈദ്യുതി ലാഭിക്കാനുമാകും.
ഒന്നു മനസ്സുവെച്ചാല്‍, പകല്‍ ചെയ്യാവുന്ന കുറെയേറെ പ്രവൃത്തികള്‍ വൈകീട്ട് ആറു മുതല്‍ 11 വരെയുള്ള സമയത്ത് ഒഴിവാക്കാം.
തുണികള്‍ കഴുകുന്നതും ഇസ്തിരിയിടുന്നതും പമ്പ് സെറ്റുകളുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കാം. ഗാർഡനുകൾ നനക്കാനും മറ്റും വൈകുന്നേരം സമയങ്ങൾ ഉപയോഗിക്കരുത്. എ.സിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളില്‍ മാത്രമായി ചുരുക്കാം. അത്യാവശ്യമല്ലാത്ത ലൈറ്റുകള്‍ അണക്കാം. ഓട്ടോമാറ്റിക് വാട്ടര്‍ ഫില്ലിങ് സംവിധാനം ഒഴിവാക്കി പകല്‍ വെള്ളം പമ്പ് ചെയ്യുകയും ആവാം.
വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും കഴിയുന്നിടത്തോളം ഈ സമയത്ത് ഒഴിവാക്കാമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.