സ്കൂളുകളിലെ ഭക്ഷണ ഗുണനിലവാരം: 365 സ്കൂളുകളിൽ പരിശോധന നടത്തി
text_fieldsതൊടുപുഴ: സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. രണ്ടുദിവസങ്ങളിലായി 365 സ്കൂളുകളിൽ പരിശോധന നടത്തിയതായി ജില്ല നൂൺ ഫീഡിങ് സൂപ്പർ വൈസർ പി.ജെ. സൈമൺ പറഞ്ഞു.
അടുക്കളയുടെ സ്ഥലസൗകര്യം പാചകക്കാരുടെ വ്യക്തി ശുചിത്വം, ഭക്ഷണത്തിന്റെ ഗുണനിലവാരം, പാത്രങ്ങളുടെ ശുചിത്വം, പാചകപ്പുരയുടെ പരിസരം, അരി, ധാന്യങ്ങൾ എന്നിവയുടെ സൂക്ഷിപ്പ്, ശുദ്ധജല സൗകര്യം, മാലിന്യനിർമാർജനം തുടങ്ങിയവയാണ് പരിശോധിച്ചത്. പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ആവശ്യമായ നിർദേശങ്ങൾ പ്രഥമാധ്യാപകർക്കും പാചകത്തൊഴിലാളികൾക്കും നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശ പ്രകാരം ജില്ലയിൽ നടത്തിയ പരിശോധനയിൽ നൂൺ ഫീഡിങ് സൂപ്പർ വൈസർമാർ, ജില്ല വിദ്യാഭ്യാസ ഓഫിസർമാർ, നൂൺമീൽ ഓഫിസർമാർ, എന്നിവരുടെ നേതൃത്വത്തിലുള്ള 21 ടീമുകൾ പങ്കെടുത്തു.
പലയിടങ്ങളിലും ജന പ്രതിനിധികളുടെ സാന്നിധ്യവുമുണ്ടായിരുന്നു. ജില്ലയിൽ 108 സ്കൂളുകളിൽകൂടി പരിശോധന നടത്തുന്നുണ്ട്. ബുധനാഴ്ചയോടെ പരിശോധന പൂർത്തിയാക്കി പൂർണ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.