ഓണക്കാല പരിശോധനക്കൊരുങ്ങി ഭക്ഷ്യസുരക്ഷ വകുപ്പ്
text_fieldsതൊടുപുഴ: ഓണത്തോടനുബന്ധിച്ച് ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾ വിപണിയിലെത്തുന്നതിന് തടയിടാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തും.
ഓണക്കാലത്ത് കൂടുതലായി വിറ്റഴിക്കപ്പെടുന്ന ഉൽപന്നങ്ങളിൽ വ്യാപകമായ തോതില്‍ മായം കലരാന്‍ സാധ്യതയുള്ളതിനാലാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് ചൊവ്വാഴ്ച മുതല്‍ പരിശോധനയുമായി രംഗത്തിറങ്ങുന്നത്. ഓണക്കാലത്ത് തമിഴ്നാട്ടില്‍നിന്നും വന്‍തോതിലാണ് പാല് സംസ്ഥാനത്തേക്ക് എത്തുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിൽ താൽക്കാലിക ലാബ് സ്ഥാപിച്ചാണ് 24 മണിക്കൂറും പരിശോധന നടത്തുക.
ഇതിനു പുറമെ പ്രാദേശിക ഫാമുകളില്‍ നിന്നെത്തുന്നവയും സ്വകാര്യകമ്പനികളുടെ പാലും തൈരും ഇതര ഉൽപന്നങ്ങളും പരിശോധിക്കും. ഓണത്തിന് മുന്നോടിയായി ക്ഷീരവികസന വകുപ്പും അതിര്‍ത്തി മേഖലകളില്‍ പാല് പരിശോധന നടത്തും.
ഫോര്‍മലിന്‍ ഉള്‍പ്പെടെ ഏതെങ്കിലും രാസവസ്തുക്കള്‍ പാലില്‍ ചേര്‍ത്തിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് പ്രധാനമായും നടത്തുന്നത്. മായം കണ്ടെത്തിയാല്‍ തുടര്‍നടപടികള്‍ ഭക്ഷ്യസുരക്ഷ വകുപ്പാണ് സ്വീകരിക്കുന്നത്.
ഓണക്കാലത്ത് ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയിലും മായം കലരാന്‍ സാധ്യതയുള്ളതിനാല്‍ പായ്ക്കറ്റിലും കുപ്പിയിലും വില്പന നടത്തുന്ന എണ്ണയും പരിശോധനക്ക് വിധേയമാക്കും. ഉപ്പേരി പോലെയുള്ള ഉൽപന്നങ്ങള് പഴകിയ എണ്ണയില്‍ വറുക്കുന്നെന്ന പരാതി എല്ലാ വര്‍ഷവും ഉണ്ടാകാറുണ്ട്. കൂടാതെ ഇവ കൃത്യമായ അളവിലും തൂക്കത്തിലുമാണോ ജനങ്ങള്‍ക്ക് ലഭ്യമാകുന്നതെന്നും ഉറപ്പാക്കും.
ഓണക്കാലത്ത് എല്ലാ കടകളിലും വില വിവരപട്ടിക പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.