ഭക്ഷ്യസുരക്ഷ: ജില്ലയില്‍ ഇന്നും നാളെയും ലൈസന്‍സ് ഡ്രൈവ്
text_fieldsതൊടുപുഴ: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കാൻ ചെവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലയിൽ ഓപറേഷൻ ഫോസ്കോസ് എന്ന പേരിൽ ലൈസൻസ് ഡ്രൈവ് നടത്തും.
ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുത്തിരിക്കണം. സ്വന്തമായി ഭക്ഷണം നിർമിച്ച് വില്പന നടത്തുന്നവർ, ചില്ലറ വില്പനക്കാർ, തെരുവുകച്ചവടക്കാർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ, താൽക്കാലിക കച്ചവടക്കാർ എന്നിവര്‍ക്കു മാത്രമാണ് രജിസ്ട്രേഷൻ അനുമതിയോടെ പ്രവര്‍ത്തിക്കാവുന്നത്. ജീവനക്കാരെ ഉള്‍പ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസന്‍സ് എടുക്കണം. നിരവധി കച്ചവട സ്ഥാപനങ്ങൾ ലൈസന്‍സ് എടുക്കുന്നതിനു പകരം രജിസ്ട്രേഷൻ മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പരിശോധന കര്‍ശനമാക്കിയത്.
ലൈസന്‍സ് ഇല്ലാതെ ഭക്ഷ്യസംരംഭങ്ങൾ നടത്തുന്നത് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ലൈസന്‍സിന് പകരം രജിസ്ട്രേഷൻ മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്നവരെ ലൈസന്‍സ് ഇല്ലാത്തവരായി പരിഗണിച്ച് നടപടി സ്വീകരിക്കും. ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതും ഭക്ഷ്യസുരക്ഷ ലൈസന്‍സ് പരിധിയിൽ വന്നിട്ടും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷനിൽ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും.
ചൊവ്വാഴ്ചക്ക് ശേഷം ലൈസന്‍സ് ഇല്ലാത്ത ഭക്ഷ്യസംരംഭങ്ങൾ പ്രവര്‍ത്തിക്കാൻ അനുവദിക്കില്ലെന്നും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമപരമായ ശിക്ഷാനടപടി സ്വീകരിക്കുമെന്നും ഇടുക്കി ഭക്ഷ്യസുരക്ഷ അസി. കമീഷണർ അറിയിച്ചു.
ലൈസന്‍സ് ലഭിക്കാൻ foscos.fssai.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. സാധാരണ ലൈസന്‍സുകള്‍ക്ക് 2000 രൂപയാണ് ഒരുവര്‍ഷത്തേക്കുള്ള ഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.