പാർക്ക് മുതൽ കെ.എസ്.ആർ.ടി.സി ഡിപ്പോ വരെ; തൊടുപുഴയിൽ പൂർത്തിയാക്കാനുള്ളത് നിരവധി പദ്ധതികൾ
text_fieldsഅനുദിനം വളരുന്ന പട്ടണമാണ് തൊടുപുഴ. അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കാര്യത്തിലടക്കം ജില്ലയിലെ മറ്റ് പട്ടണങ്ങളെ അപേക്ഷിച്ച് നഗരം ഏറെ മുന്നിലാണെങ്കിലും വാഗ്ദാനം നൽകിയിട്ടും പൂർത്തിയാക്കാൻ കഴിയാത്തതും നിർമാണം കഴിഞ്ഞിട്ടും തുറന്നു നൽകാൻ കഴിയാത്തതുമായ ചിലത് ജനങ്ങൾക്ക് ദുരിതം സൃഷ്ടിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി ഡിപ്പോ മുതൽ റോഡുകൾ വരെ ഇക്കൂട്ടത്തിലുണ്ട്...
പാർക്കടച്ചിട്ട് രണ്ടുവർഷം; നവീകരണം നീളുന്നു
നവീകരണത്തിന്റെ ഭാഗമായി നഗരസഭ പാര്‍ക്ക് അടച്ചിട്ട് രണ്ടുവര്‍ഷം പിന്നിട്ടെങ്കിലും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. ലോക്ഡൗണിന്റെ പേരിലാണ് പാര്‍ക്ക് അടച്ചത്. എന്നാല്‍, നിയന്ത്രണങ്ങള്‍ നീങ്ങി മറ്റുസ്ഥാപനങ്ങളും ഉല്ലാസകേന്ദ്രങ്ങളും തുറന്നെങ്കിലും നഗരസഭ പാര്‍ക്ക് മാത്രം തുറക്കാനായിട്ടില്ല. ആദ്യം ലോക്ഡൗണിന്റെ പേരിലും പിന്നീട് നവീകരണത്തിന്റെ പേരിലുമാണ് പാര്‍ക്ക് അടച്ചത്.
തൊടുപുഴ നഗരസഭ ഓഫിസിന് സമീപത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. നഗരവാസികള്‍ക്കും ഇവിടെ എത്തുന്ന നൂറുകണക്കിന് ജനങ്ങള്‍ക്കും വിശ്രമിക്കാനും കുട്ടികള്‍ക്ക് ഉല്ലാസത്തിനും ഉപകരിച്ചിരുന്ന പാര്‍ക്കാണ് എങ്ങുമെത്താത്ത നിലയില്‍ കിടക്കുന്നത്. ലോക്ഡൗണില്‍ അടച്ച പാര്‍ക്ക് നവീകരിക്കാൻ മുന്‍ കൗണ്‍സിലിന്റെ കാലത്ത് 60 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനുപുറമെ നഗരസഭയുടെ പ്രവര്‍ത്തന മികവിന് അംഗീകാരമായി ലഭിച്ച തുകയില്‍നിന്ന് ഒരുവിഹിതവും പാര്ക്കിന് വിനിയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എസ്റ്റിമേറ്റും തയാറാക്കി. നിര്‍മാണത്തിന് കരാര്‍ നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. എന്നാല്‍, നവീകരണജോലി പൂര്‍ത്തീകരിക്കാന്‍ ഇതേവരെ സാധിച്ചിട്ടില്ല.
2010 ല്‍ സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പാര്‍ക്ക് നവീകരിച്ചതാണ്. പിന്നീട് കാര്യമായ അറ്റകുറ്റപ്പണി പാര്‍ക്കില്‍ നടത്തിയിട്ടില്ല. തകര്‍ന്ന കളിയുപകരണങ്ങളാണ് കുട്ടികള്‍ ഉല്ലാസത്തിന് ഉപയോഗിച്ചിരുന്നത്. രണ്ടുമാസത്തിനകം ജോലി പൂര്‍ത്തിയാക്കി പാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് അറിയിച്ചിരുന്നെങ്കിലും ഇതും നീളുകയാണ്.
കെ.എസ്.ആർ.ടി.സി ഡിപ്പോ എന്ന് തുറക്കും
നിർമാണം ആരംഭിച്ചിട്ട് 10 വർഷം കഴിഞ്ഞിട്ടും ഇതുവരെ തുറന്ന് നൽകാൻ കഴിയാതെ തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ. അവസാനഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ തൊടുപുഴയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ ഉദ്ഘാടനം നീളുകയാണ്. പ്രധാനജോലി പൂര്‍ത്തിയായതിനാല്‍ 2021 ഡിസംബര്‍ ആദ്യ വാരംതന്നെ ഡിപ്പോ തുറക്കുമെന്നായിരുന്നു അധികൃതര്‍ നേരത്തേ പറഞ്ഞിരുന്നത്.
എന്നാല്‍, 2022 ജനുവരിയിലും ഡിപ്പോ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. പതിറ്റാണ്ടുകളായി തൊടുപുഴ നിവാസികളുടെ ആഗ്രഹമാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെ.എസ്.ആര്.ടി.സി ഡിപ്പോ.
2012 ജനുവരി 14ന് തറക്കല്ലിട്ട് 2013 ജനുവരി 10നാണ് ഡിപ്പോ കം ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ പന്ത്രണ്ടര കോടി കണക്കാക്കിയ നിര്‍മാണ ചെലവ് പിന്നീട് 16 കോടിയായി ഉയര്‍ന്നു. ഏറ്റവും ഒടുവില്‍ അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് കോടികൂടി അനുവദിച്ചു. പല കാരണങ്ങള്‍കൊണ്ട് ഡിപ്പോ നിര്‍മാണത്തിന്റെ പണിയും ഉദ്ഘാടനവും വൈകി. നിരന്തര പ്രതിഷേധങ്ങളും പരാതികളും ഉയര്‍ന്നതിനെത്തുടര്‍ന്ന് കെട്ടിട നിര്‍മ്മാണവും പാര്‍ക്കിങ് ഏരിയയും ഉള്‍പ്പെടെ ഭാഗങ്ങളുടെ പണി പൂര്‍ത്തിയാക്കി.
പല ഘട്ടങ്ങളായി ഇന്റീരിയർ വര്‍ക്കുകളും വൈദ്യുതീകരണവും നടത്തി. ഡീസല്‍ പമ്പ് നേരത്തേ സ്ഥാപിച്ചിരുന്നു. ഗാരേജിനുള്ള ക്രമീകരണങ്ങളും സജ്ജമായി. എന്നാല്‍, കോംപ്ലക്സിലെ മുറികള്‍ വാടകക്ക് കൊടുക്കുന്നതിനെച്ചൊല്ലിപോലും ഉദ്ഘാടനം വൈകുകയായിരുന്നു. ഇപ്പോള്‍ അവസാനഘട്ട നിര്‍മാണങ്ങള്‍ക്ക് വീണ്ടും ഉദ്ഘാടനം വൈകിക്കുകയാണെന്നാണ് ആക്ഷേപം.
കെട്ടിടത്തിന്റെ പെയിന്റിങ് ജോലിയും യാത്രക്കാര്‍ക്ക് വിശ്രമിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ജോലികളും അന്തിമഘട്ടത്തിലാണ്. വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഡിപ്പോ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.
എന്നുതുറക്കും ശൗചാലയവും ഷീ ലോഡ്ജും
തൊടുപുഴ: കോതായിക്കുന്ന് മുനിസിപ്പല്‍ ബസ് സ്റ്റാൻഡിനോട് ചേര്‍ന്ന് നഗരസഭയുടെ ഉടമസ്ഥതയില്‍ നിര്‍മിക്കുന്ന ആധുനിക ശൗചാലയവും ഷീ ലോഡ്ജും തുറക്കാനുള്ള നടപടികളും വൈകുകയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടികളാണ് ഇഴയുന്നത്. നിലവില്‍ പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള ശൗചാലയമാണ് നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന സ്റ്റാൻഡിലുള്ളത്.
രണ്ട് നിലയിലായി ആധുനികരീതിയിലെ ശൗചാലയത്തിനും ഷീ ലോഡ്ജിനുമായ 32 ലക്ഷത്തിന്റെ കെട്ടിടമാണ് നഗരസഭ നിര്‍മിച്ചത്. സ്ത്രീകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും സുരക്ഷിതമായി വിശ്രമിക്കാനും രാത്രിയെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണമൊരുക്കാനും ഉതകുന്ന രീതിയിലെ ഷീ ലോഡ്ജ് ഏറ്റവും മുകളിലും ശൗചാലയം താഴെയുമാണ്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെ ഭാഗങ്ങളായാണ് ശൗചാലയത്തിന്റെ നിര്‍മാണം. ആധുനിക രീതിയിലെ ശൗചാലയവും ഷീ ലോഡ്ജും ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് കാലങ്ങളായെങ്കിലും സംസ്ഥാന ശുചിത്വ മിഷനില്‍നിന്നുള്ള സാങ്കേതിക അനുമതി ലഭിക്കാനും കാലതാമസം നേരിട്ടു.
നിലവിലെ തടസ്സങ്ങള്‍ നീക്കി ശൗചാലയവും ഷീ ലോഡ്ജും തുറന്നു നല്‍കണമെന്നാണ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും സ്റ്റാൻഡിലെ വ്യാപാരികളുടെയും ആവശ്യം. ടാങ്ക് നിര്‍മാണം പുരോഗമിക്കുകയാണെന്നും ഇത് പൂർത്തിയാകുന്ന മുറക്ക് തുറന്നുനൽകാൻ കഴിയുമെന്നും നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു.
മഴ മാറി; റോഡിലെ കുഴി മാറിയില്ല
മഴ മാറുമ്പോൾ കുഴിയടക്കാമെന്ന് അധികൃതർ പറഞ്ഞിട്ടും വേനൽ കനത്തിട്ടും മങ്ങാട്ടുകവല-കാഞ്ഞിരമറ്റം ബൈപാസ് ഗതാഗതയോഗ്യമാകുന്ന ലക്ഷണമില്ല. വൻ കുഴികളാണ് റോഡിൽ പലയിടത്തും രൂപപ്പെട്ടിരിക്കുന്നത്. കാഞ്ഞിരമറ്റം ജങ്ഷനിൽ പൂർണമായും തകർന്ന നൂറ് മീറ്ററോളം ഭാഗത്ത് ടൈൽ വിരിക്കൽ നടന്നെങ്കിലും വലിയ കുഴികളിൽ വീണ് യാത്രക്കാരുടെ നടു ഒടിയുകയാണ്.
രാത്രി ബൈക്ക് യാത്രികരടക്കം കുഴികൾ കാണാതെ അപകടത്തിൽപെടുന്നതും പതിവായിട്ടുണ്ട്. ഒരു കുഴിയിൽനിന്ന് വാഹനം നേരെ അടുത്ത കുഴിയിലേക്കാണ് ഇപ്പോൾ ചാടുന്നത്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് കാൽനടക്കാർക്കും വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടാണ്. മഴ മാറുന്ന മുറക്ക് റോഡിലെ കുഴികൾ അടക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് പി.ഡബ്ല്യു.ഡി അധികൃതർ പറഞ്ഞത്. മഴ മാറി ഒരുമാസം പിന്നിടുമ്പോൾ അറ്റകുറ്റപ്പണിയുടെ ഒരനക്കവുമില്ല.
അവഗണന പ്രതിഷേധാര്‍ഹം -മര്‍ച്ചന്റ് അസോ.
മങ്ങാട്ടുകവല ബസ് സ്റ്റാൻഡിനോടുള്ള നഗരസഭയുടെ അവഗണന പ്രതിഷേധാര്‍ഹമെന്ന് തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്. പഴയ സ്റ്റാൻഡിലെ റോഡ് പൊട്ടിപ്പൊളിഞ്ഞതിനാല്‍ ഇവിടെ പൊടിശല്യം രൂക്ഷമാണ്. സ്റ്റാൻഡിലെ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ഡ്യൂട്ടിയിലെ പൊലീസുകാർക്കും ജില്ല ആശുപത്രിയിലേക്ക് വരുന്ന രോഗികള്‍ക്കും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകളാണ് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിനെ ദിനംപ്രതി ആശ്രയിക്കുന്നത്. സ്കൂള്‍-കോളജ് വിദ്യാര്‍ഥികളും പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിലെ വനിതജീവനക്കാരും ആശ്രയിച്ച ടോയ്ലറ്റുകള് പൂട്ടിയിട്ടിട്ട് ആഴ്ചകളായി. സ്റ്റാൻഡ് എത്രയും വേഗം റീ ടാര്‍ ചെയ്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും ടോയ്ലറ്റുകള് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും തുറന്നു കൊടുക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
നഗരസഭ ഇനിയും ഈ നിലപാട് സ്വീകരിച്ചാല്‍ തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് സെക്രട്ടേറിയറ്റ് യോഗം മുന്നറിയിപ്പ് നല്കി. അസോസിയേഷന് പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാസര്‍ സൈര, പി.ജി. രാമചന്ദ്രന്, സാലി എസ്. മുഹമ്മദ്, പി. അജീവ്, ടോമി സെബാസ്റ്റ്യന്‍, ഷെറീഫ് സര്‍ഗം, ബെന്നി ഇല്ലിമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.