ഉണർവിലാണ് പഴ വിപണി
text_fieldsതൊടുപുഴ: റമദാൻ മാസത്തിന് തുടക്കം കുറിച്ചതോടെ പഴ വിപണി സജീവം. നോമ്പു തുറകൾക്ക് ഭൂരിഭാഗം പേരും പഴങ്ങൾ ഉപയോഗിക്കുന്നതിനാൽ പഴക്കടകളിൽ തിരക്കേറെയാണ്. കടകൾക്ക് പുറമെ വഴിയോരങ്ങളിലും വാഹനങ്ങളിലും വിവിധഇനം പഴങ്ങളുടെ കച്ചവടം തകൃതിയാണ്. വൈകുന്നേരമാകുന്നതോടെ പല കടകളിലും തിരക്കുണ്ട്. തണ്ണിമത്തൻ തന്നെയാണ് വിപണിയിലെ പ്രിയങ്കരൻ. മഞ്ഞ നിറമുള്ള തണ്ണിമത്തനടക്കം വൻ ഡിമാൻഡാണ്.
ഇത്തവണ ചൂട് കൂടുതലായതിനാൽ പലരും തണ്ണിമത്തൻ നോമ്പുതുറയിലെ പ്രധാന ഇനമാക്കി മാറ്റിയിട്ടുണ്ട്. ഇത് കൂടാതെ ഓറഞ്ച്, കൈതച്ചക്ക, മാമ്പഴം, മുന്തിരി, ആപ്പിൾ, അനാർ എന്നിവക്കും ആവശ്യക്കാർ ഏറെയാണ്. ഇത് കൂടാതെ ജൂസുണ്ടാക്കാനായും വീടുകളിലേക്ക് ഷമാം, ചിക്കു, ആപ്പിൾ, മാങ്ങ എന്നിവയും വാങ്ങുന്നവരുണ്ട്. ചിലതിനൊക്കെ വില ചൂടിനൊപ്പം ഉയർന്നെങ്കിലും ചിലതിന്റെ വില ഇപ്പോഴും തണുപ്പനാണ്.
തണ്ണിമത്തൻ 20 മുതൽ 25 വരെയാണ് വില. എങ്കിലും ആവശ്യക്കാർ ഏറെയാണെന്നാണ് കച്ചവടക്കാർ പറയുന്നത്. ആപ്പിൾ കിലോക്ക് 180 മുതൽ വില തുടങ്ങുന്നു. ഇനങ്ങളുടെ വ്യത്യസ്തതയനുസരിച്ച് മാറ്റം വരും. മുന്തിരി- 80, കുരുവില്ലാത്ത മുന്തിരി-120 മുതൽ 140 വരെ വിലയുണ്ട്. ഞാലിപ്പൂവൻ പഴത്തിന് വില വില ഉയർന്ന് 50 നും 60 നും ഇടയിലാണ് വിൽപന. ചെറു നാരങ്ങാ വിലയും വർധിച്ച് 120 ലെത്തി. വ്രതകാലമായതിനാലും ചൂട് കൂടിയതിനാലും പഴ വിപണി ഇത്തവണ ഉഷാറാണെന്ന് വ്യാപാരികളും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.