അതിഥി പോർട്ടൽ;രണ്ടുദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 219 തൊഴിലാളികൾ
text_fieldsതൊടുപുഴ: ജില്ലയിലെ മുഴുവൻ അന്തർ സംസ്ഥാന തൊഴിലാളികളെയും തൊഴിൽ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കാനുള്ള നടപടിക്ക് തുടക്കമായി. ജില്ലയിൽ രണ്ട് ദിവസങ്ങളിലായി 219 തൊഴിലാളികൾ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്തതായി അധികൃതർ പറഞ്ഞു. അസി. ലേബർ ഓഫിസർമാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ തൊഴിലിടങ്ങളിൽ എത്തിയാണ് രജിസ്ട്രേഷന് ആവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകിവരുന്നത്.
വരും ദിവസങ്ങളിൽ രജിസ്ട്രേഷൻ കൂടുതൽ ഊർജിതമാക്കാനാണ് വകുപ്പിന്റെ തീരുമാനം. തോട്ടം മേഖലയിൽ രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും ആലോചനയുണ്ട്.
രജിസ്റ്റർ ചെയ്യുന്നതുവഴി ലഭിക്കുന്ന യുനീക് ഐഡി നമ്പർ ഉണ്ടെങ്കിൽ മാത്രമേ ഇനി ഇവർക്ക് ജോലിയും താമസസൗകര്യവും ലഭിക്കുകയുള്ളൂ. അന്തർ സംസ്ഥാന തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ‘ആവാസ്’ഇൻഷുറൻസ് പരിരക്ഷ ലഭിക്കാനും രജിസ്ട്രേഷൻ നിർബന്ധമാണ്. അന്തർ സംസ്ഥാന തൊഴിലാളികൾ, അവരുടെ കരാറുകാർ, തൊഴിലുടമകൾ എന്നിവർക്ക് athidhi.lc.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാം. പോർട്ടലിൽ പ്രാദേശിക ഭാഷകളിൽ നിർദേശങ്ങൾ ലഭ്യമാണ്. നൽകിയ വ്യക്തിവിവരങ്ങൾ എൻറോളിങ് ഓഫിസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുനീക് ഐഡി അനുവദിക്കുന്നതോടെ നടപടി പൂർത്തിയാകും.
അതിഥി പോർട്ടലിൽ ജില്ലയിലെ അന്തർ സംസ്ഥാന തൊഴിലാളികളെ രജിസ്റ്റർ ചെയ്യിക്കുന്നതിനു എല്ലാവരും സഹകരിക്കണമെന്ന് ജില്ല ലേബർ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.