ഹരിതകർമ സേനക്ക് മൂന്നു ദിവസത്തെ പരിശീലനത്തിന് തുടക്കം; തൊടുപുഴയിൽ മാലിന്യ നിർമാർജനം ഇനി സ്മാർട്ടാകും
text_fieldsതൊടുപുഴ: മാലിന്യ നിർമാർജനത്തിൽ ഇനി തൊടുപുഴ നഗരസഭ സ്മാർട്ടാകും. മാലിന്യം ഉറവിടത്തിൽ നിന്ന് ശേഖരിക്കുക, തരംതിരിക്കുക, അത് പ്രത്യേകം വാഹനങ്ങളിൽ സംസ്കരണ കേന്ദ്രത്തിൽ എത്തിക്കുക തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും പ്രഫഷനലായ സമീപനം കൊണ്ടുവരാനാണ് നഗരസഭ ആലോചിക്കുന്നത്.
ഇതിനായി നഗരസഭയിലെ ഹരിതകർമ സേനക്ക് മൂന്നു ദിവസത്തെ പരിശീലനത്തിന് തുടക്കമായി. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടും (കെ.എസ്.ഡബ്യു.എം.പി) കിലയും സംയുക്തമായാണ് പരിശീലനം നൽകുന്നത്.
മാലിന്യം വേർതിരിക്കൽ, ശേഖരണം, ഗതാഗതം, ഹരിത കർമസേനയുടെ ആശയ വിനിമയം മെച്ചപ്പെടുത്തൽ, ആരോഗ്യ സുരക്ഷ, ലിംഗനീതിയും അന്തസും ഉറപ്പാക്കൽ, ബ്രാൻഡിങ്, മാലിന്യ പരിപാലന നിയമങ്ങൾ, തൊഴിൽ നിയമങ്ങൾ, സമൂഹ്യ സുരക്ഷ, ഹരിതമിത്രം ആപ്പ്, സംരംഭകത്വ സാധ്യതകൾ, കണക്കുകളുടെ സൂക്ഷിപ്പ്, ഉറവിട മാലിന്യ സംസ്കരണം, സാങ്കേതിക വിദ്യകൾ എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്.
പരിശീലനം പൂർത്തിയാകുന്നതോടെ ഹരിതകർമ സേന കൂടുതൽ കാര്യക്ഷമമാകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. സാങ്കേതിക വിദ്യയുടെ സഹായം ഹരിത കർമ സേനക്ക് ലഭ്യമാക്കും. അതോടൊപ്പം കാര്യക്ഷമത വർധിപ്പിച്ച് പ്രഫഷനൽ സ്വഭാവത്തിലാക്കുമെന്നും പരിശീലന പരിപാടി സഹായകമാകുമെന്നും ചെയർമാൻ പറഞ്ഞു.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻഎം.എ കരീം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ പ്രഫ. ജെസി ആന്റണി, നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ.എം മീരാൻകുഞ്ഞ്, ഹരിതകർമ സേന നോഡൽ ഓഫീസർ ബിജോ മാത്യു, ഹെൽത്ത് ഇൻസ്പെക്ടർമാർ, കെ.എസ്.ഡബ്യു.എം.പി നഗരസഭ എൻജിനീയർ ഹേമന്ത്, ജില്ല സോഷ്യൽ എക്സ്പെർട്ട് അജിത്ത്, എൻ.യു.എൽ. എം മാനേജർ മനു സോമൻ, ശുചിത്വ മിഷൻ യങ് പ്രഫഷനൽ വീണ വിശ്വനാഥ്, കില ആർ.പിമാരായ എൻ.ഗോവിന്ദൻ, ലൈല ജോസഫ്, കില തീമാറ്റിക് എക്സ്പർട്ട് വി.എം. ശ്രീദേവി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.