ചൂട് അസഹ്യം; വിയർത്തൊലിച്ച് നാട്
text_fieldsതൊടുപുഴ: കടുത്ത വേനൽച്ചൂടിൽ വിയർത്തൊലിക്കുകയാണ് ജില്ല. ലോറേഞ്ചിൽ മാത്രമല്ല, ഹൈറേഞ്ചിലും പകൽച്ചൂടിന് കാഠിന്യം കൂടിവരുകയാണ്. വീടിനുള്ളിലും അസഹ്യ ചൂടാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൊടുപുഴ മേഖലയിൽ ചൂട് വർധിച്ച് അസഹനീയമായ നിലയിലായതോടെ പകൽ ജനത്തിന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായി. തൊടുപുഴ മേഖലയിൽ 37 ഡിഗ്രിയും ഹൈറേഞ്ച് മേഖലയിൽ 30 ഡിഗ്രിയും വരെയാണ് പകൽ താപനില. ചൂടു കൂടിയതോടെ കെട്ടിട നിർമാണ തൊഴിലാളികൾ, പാടത്തും പറമ്പിലുമെല്ലാം ജോലി ചെയ്യുന്നവർ തുടങ്ങിയവരെല്ലാം വലിയ ബുദ്ധിമുട്ടിലാണ്.
പകൽ കൽനടക്കാരും ഇരുചക്ര വാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്നവരും ചൂടിന്റെ ആധിക്യത്താൽ വലയുകയാണ്. ഇതിന് പുറമെയാണ് വിട്ടുമാറാത്ത ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടൽ തുടങ്ങിയവ പിടിപെട്ട് ജനങ്ങൾ ദുരിതം പേറുന്നത്. നഗര- ഗ്രാമ വ്യത്യാസമില്ലാതെ ഉയർന്ന പ്രദേശങ്ങളിൽ ഇതിനോടകം ശുദ്ധജല ക്ഷാമവും രൂക്ഷമായിട്ടുണ്ട്. ജലസ്രോതസ്സുകൾ പലതും വറ്റിയതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണു ജനം.
കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ജില്ലയിലെ കാർഷിക ഉൽപാദനത്തിൽ കുറവു വന്നതായാണ് വിലയിരുത്തൽ.
ജനുവരി പകുതിയോടെ തന്നെ ചൂട് ജില്ലയിൽ ഉയർന്നിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചൂട് അതികഠിനമാകുമെന്നാണ് സൂചന. ഇടക്ക് വേനൽമഴ കിട്ടിയാൽ ഒരു പരിധിവരെ ആശ്വാസമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.