തോരാതെ മഴ; കെടുതികളും...
text_fieldsതൊടുപുഴ: ജില്ലയിൽ ചൊവ്വാഴ്ചയും മഴ ശക്തമായി തുടർന്നു. പലയിടത്തും മണ്ണിടിച്ചിലും ഉണ്ടായി. പ്രധാന റോഡുകളിൽ പലയിടത്തും മണ്ണിടിഞ്ഞും വെള്ളം കയറിയും ഗതാഗത തടസ്സവും ഉണ്ടായി. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ് റോഡിനും പെരിയകനാലിനും ഇടയിൽ ചൊവ്വാഴ്ച രാവിലെ ആറോടെ പാറയും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് മുന്നിലേക്കാണ് മണ്ണും പാറയും വീണത്. മണ്ണ് നീക്കിയെങ്കിലും ഇവിടെ പാറ വീണ് കിടക്കുന്നതിനാൽ വാഹന ഗതാഗതം ഒറ്റ വരിയാക്കി. ഗ്യാപ് റോഡിൽ പലഭാഗത്തും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മൂന്നാർ മുതൽ പൂപ്പാറവരെ വാഹന ഗതാഗതം ജില്ല ഭരണകൂടം വിലക്കി. ഗ്യാപ് റോഡിന് സമീപം റോഡിൽ പതിച്ച പാറ മഴ കുറഞ്ഞശേഷം പൊട്ടിച്ചു നീക്കുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.
മൂന്നാർ-മാട്ടുപ്പെട്ടി റോഡിലും കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കരടി പാറക്ക് സമീപത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മലയോരമേഖലകളിൽ പലയിടത്തും മരം വീണ് വൈദ്യുതി ബന്ധം താറുമാറായി. കൊട്ടാരക്കര- ദിണ്ഡുകൽ ദേശീയപാതയിൽ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. പീരുമേട് മത്തായി കൊക്ക ഭാഗത്തെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. കനത്ത മഴയിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതാണ് കാരണം. വാഹനങ്ങൾ നിയന്ത്രണവിധേയമായി കടത്തി വിടുന്നുണ്ട്. ഇടുക്കി കഞ്ഞിക്കുഴിയിലും ഉടുമ്പൻചോലയിലും രണ്ട് വീടുകൾ തകർന്നു. രാജാക്കാട്- മയിലാടുംപാറ റോഡിൽ വിവിധ ഇടങ്ങളിൽ മരം വീണു. വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
വട്ടക്കണ്ണിപാറയിലും തിങ്കൾക്കാടും മരം വീണു. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. വൈദ്യുതി ബന്ധവും നിലച്ചു. ഇടുക്കി ഉടുമ്പൻചോലയിൽ മരം വീണ് വീട് ഭാഗീകമായി തകർന്നു. മണതോട് സ്വദേശി സുരേഷിന്റെ വീടാണ് തകർന്നത്. ഷീറ്റ് തകർന്ന് ദേഹത്തേക്ക് പതിച്ച് സുരേഷിന്റെ ഭാര്യ മഹാലക്ഷ്മിക്ക് നേരിയ പരിക്കേറ്റു.
ദേവികുളം താലൂക്കിൽ ഒരു വീട് പൂർണമായും നാല് വീടുകൾ ഭാഗികമായും തകർന്നു. കാഞ്ഞിരവേലി പ്ലാക്കൽ അനീഷിന്റെ വീടാണ് തകർന്നത്. ചിന്നാർ കുന്നുംപുറത്ത് പാപ്പച്ചൻ, പൊട്ടയ്ക്ക ബിജു എന്നിവരുടെ പുരയിടത്തിൽ ഉരുൾപൊട്ടൽ ഉണ്ടായി. കൃഷി നാശം വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.