കനത്ത മഴ; രാത്രികാല യാത്രക്ക് നിരോധനം
text_fieldsതൊടുപുഴ: രണ്ടാഴ്ച മുമ്പ് എരിപൊരി വേനൽ ചുട്ടുപഴുത്ത നാടാണ്. ഇപ്പോൾ പെരുമഴയിൽ വിറങ്ങലിച്ചുനിൽക്കുന്നു. മൂന്നു ദിവസമായി രാപ്പകൽ പെയ്യുന്ന മഴയിൽ ഇടുക്കി ജില്ലയുടെ താഴ്വാരങ്ങളും കോട്ടയം ജില്ലയോട് ചേർന്ന പ്രദേശങ്ങളും നനഞ്ഞുകുതിർന്നിരിക്കുകയാണ്. ഹൈറേഞ്ചിൽ മഴ പെയ്യുന്നുണ്ടെങ്കിലും അതിശക്തമായിട്ടില്ല. ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ജില്ലയുടെ മലയോരങ്ങളിലൂടെയുള്ള രാത്രികാല യാത്ര ജില്ല കലക്ടർ നിരോധിച്ചിട്ടുമുണ്ട്.
തെക്കൻ തമിഴ്നാടിനു മുകളിൽ രൂപം കൊണ്ട ചക്രവാതചുഴിയാണ് ഇപ്പോൾ പെയ്യുന്ന ശക്തമായ മഴക്ക് കാരണമെന്നാണ് പറയുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പ്രകാരമാണ് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ശക്തമായ കാറ്റ് വീശുന്നതിനാലും മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കാനാണ് ദുരന്തനിവാരണ നിയമപ്രകാരം രാത്രി യാത്ര നിരോധിച്ചത്.
രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം. ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന് ജില്ല പൊലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, റീജിയനൽ ട്രാൻസ്പോർട്ട് ഓഫീസർ, ഇൻസിഡന്റ് കമാൻഡർ കൂടിയായ തഹസിൽദാർമാർ എന്നിവർക്ക് ചുമതല നൽകിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇലവീഴാപൂഞ്ചിറയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. മീനച്ചിലാറിന്റെ കരകളിലുള്ളവർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് -നാല് ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ സാധ്യത കൽപിക്കുന്നത്. അടുത്ത ഏഴ് ദിവസം ഇടിയും മിന്നലും കാറ്റുമുള്ള മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രങ്ങൾ പറയുന്നു.
ജനം കരുതലോടെയിരിക്കണം -കലക്ടർ
ഇടുക്കി: കാലാവസ്ഥാ വകുപ്പ് കനത്ത മഴ പ്രവചിക്കുകയും അയൽ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇടുക്കിയിലെ ജനം കരുതലോടെയിരിക്കണമെന്ന് കലക്ടർ ഷീബ ജോർജ്. മലയോര മേഖലയിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറണം. പകല്‍ തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി ക്യാമ്പുകളിലേക്ക് മാറണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. സ്വകാര്യ, പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണം.
വിനോദയാത്ര ഒഴിവാക്കണം
ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കരുത്. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണം. ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കണം. അറ്റകുറ്റ പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കണം. റോഡപകടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കാണണം.
എമർജൻസി കിറ്റ് കരുതണം
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കിവെക്കണം. കിറ്റ് തയാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/.../2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും. ജലാശയങ്ങളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1056 എന്ന നമ്പറില്‍ കെ.എസ്.ഇ.ബിയെ അറിയിക്കണം. ജില്ലയിലെ കൺട്രോൾ റൂമുകൾ - തൊടുപുഴ -04862 222503, ഇടുക്കി 04862 235361, ദേവികുളം - 04865 264231, പീരുമേട് - 04869 232077, ഉടുമ്പൻചോല - 04868 232050, കലക്ടറേറ്റിലെ ദുരന്ത നിവാരണവിഭാഗം - 9383463036,04862 233111, 04862 233130 . ടോൾ ഫ്രീ നമ്പർ - 1077 ,1070.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.