പകലും കൂരിരുട്ട്, തകർപ്പൻ മഴ, ഇടി..
text_fieldsതൊടുപുഴ: രാവിലെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. ഉച്ചക്കാകട്ടെ നല്ല വെയിലും. മഴക്കാലമായതിന്റെ ലക്ഷണം പോലുമില്ലായിരുന്നു. പക്ഷേ, വൈകിട്ട് 3.30 കഴിഞ്ഞനേരം. ആകാശം മൂടിക്കെട്ടി. പകലാണോ എന്നുപോലും സംശയിക്കുന്നവിധത്തിൽ നാലുപാടുനിന്നും മേഘങ്ങൾ വന്ന് ആകാശത്തെ മറച്ചു. നേരത്തെ ഇരുട്ടിയ പോലൊരു പ്രതീതി. പിന്നെ മഴയായി. രണ്ടര മണിക്കൂർ നിന്നു പെയ്തിട്ടും ശമിക്കാതെ പിന്നെയും കിതച്ചുകൊണ്ടിരിക്കുന്ന മഴ. ഇടുക്കി ജില്ലയിൽ പൊതുവെ മഴ കുറവായിരുന്നപ്പോഴും തൊടുപുഴയിൽ ഞായറാഴ്ച കനത്ത മഴയായിരുന്നു. തൊട്ടടുത്ത പ്രദേശങ്ങളിലെല്ലാം കനത്ത തോതിൽ മഴ പെയ്തു. ഇടക്ക് ഇടിയും മിന്നലുമുണ്ടായി.
ബംഗ്ലാംകുന്നിൽ വടക്കേടത്ത് സതീഷിന്റെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന് സമീപത്തെ വീട്ടിലേക്ക് വീണു. ആളുകൾക്ക് അപകടമൊന്നുമില്ല. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ടിൽ മാറ്റം വന്നുവെങ്കിലും രണ്ടു ദിവസം കൂടി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഹൈറേഞ്ചിൽ മഴ തീരെയില്ലായിരുന്നു.
കട്ടപ്പന, ചെറുതോണി, നെടുങ്കണ്ടം, പീരുമേട്, കുമളി മേഖലകളിലൊന്നും കാര്യമായി മഴ പെയ്തതുമില്ല. തിങ്കളാഴ്ച സ്കൂൾ തുറക്കുന്ന ദിവസമായതിനാൽ മഴയിൽ ജാഗ്രത വേണമെന്ന് ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. കുട്ടികൾ വെള്ളക്കെട്ടുകളിൽ കളിക്കാൻ ഇടയാക്കാതെ സൂക്ഷിക്കണം. ശക്തമായ കാറ്റിലും മഴയിലും പടിഞ്ഞാറെ കോടിക്കുളത്ത് മരം കടപുഴകി റോഡിൽ വീണ് മണിക്കൂറുകൾ ഗതാഗത തടസ്സം നേരിട്ടു. തൊടുപുഴ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം വെട്ടി മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
ഹൈറേഞ്ചിൽ മഴയില്ല
പീരുമേട്: മൂന്ന് ദിവസമായി ഹൈറേഞ്ചിൽ മഴയില്ല. ഇടുക്കി ജില്ലയിലെ ലോറേഞ്ച് മേഖലയായ തൊടുപുഴയിൽ കനത്ത മഴയിൽ നാശനഷ്ടങ്ങൾ ഉണ്ടായപ്പോഴും പീരുമേട് ഉൾപ്പെടെ ഹൈറേഞ്ചിൽ മഴയില്ല. പീരുമേട്ടിൽ മഴയുടെ അളവ് കണ്ടെത്തുന്ന റവന്യു വകുപ്പിന്റെ മഴ മാപിനിയിൽ മൂന്ന് ദിവസമായി മഴയുടെ അളവ് രേഖപ്പെടുത്തിയിട്ടില്ല. ചെറിയ വെയിലുംമേഘാവ്യതമായ അന്തരീക്ഷവുമാണ് ഹൈറേഞ്ചിൽ. മഴയില്ലാത്തതിനാൽ നദികളിലും അരുവികളിലും നീരൊഴുക്കും കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.