മഴ വീണ്ടും കനത്തു
text_fieldsതൊടുപുഴ: ജില്ലയില്‍ മഴ വീണ്ടും കനത്തു തുടങ്ങി. തൊടുപുഴ ഉള്‍പ്പെടെ ലോറേഞ്ചിലും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും രണ്ടു ദിവസമായി കനത്ത മഴ ലഭിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ ഏഴ് വരെയുള്ള 24 മണിക്കൂറിനിടെ 22.08 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തൊടുപുഴ താലൂക്കിലാണ് 44.6 മില്ലീമീറ്റര്‍. ദേവികുളം -21.4, പീരുമേട് -17.4, ഉടുമ്പഞ്ചോല -8.8, ഇടുക്കി -18.2 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളില്‍ ലഭിച്ച മഴയുടെ കണക്ക്. ഇടിമിന്നലിനോടൊപ്പമുള്ള മഴയാണ് പലമേഖലകളിലും ലഭിച്ചത്.
വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ മുന്നറയിപ്പിന്റെ പശ്ചാത്തലത്തില്‍ 24 വരെ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ സമയം തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയാറാവണമെന്ന് അധികൃതര്‍ അറിയിച്ചു.
സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുമ്പില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കരുത്.
നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റാവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണം. ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കണം. ജലാശയങ്ങളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ ചെയ്യരുത്.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണം. വൈദ്യതി ലൈനുകള്‍ പൊട്ടി വീണുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. അതിനാല്‍ ഇടവഴികളിലെയും നടപ്പാതകളിലെയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതിന് മുമ്പ് വൈദ്യുതി അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1056 എന്ന നമ്പറില്‍ കെ.എസ്.ഇ.ബിയെ അറിയിക്കണം.
റോഡിൽ ജാഗ്രത വേണം
തൊടുപുഴ: മഴക്കാലത്ത് റോഡിൽ അൽപം ജാഗ്രത കൂടുതൽ വേണ്ട സമയമാണ്. ഹൈറേഞ്ചിലെ റോഡുകളിൽ പതിയിരിക്കുന്ന കൊടുംവളവുകളും മൂടൽ മഞ്ഞുമൊക്കെ അപകടം വിളിച്ചുവരുത്തുന്നതാണ്. റോഡ് അപകടങ്ങൾക്ക് പൊതുവായി കണ്ടുവരുന്ന കാരണങ്ങൾ ഒന്ന് പരിശോധിക്കാൻ വലിയ അപകടങ്ങൾ ഒളിവാക്കാനാകും.
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോയി മടങ്ങുന്നവർ സഞ്ചാരത്തിന് ശേഷം യാത്ര ക്ഷീണത്തോടെ തന്നെ രാത്രിയിൽ വാഹനം ഉറങ്ങിപ്പോയി അപകടം ഉണ്ടാവുകയും ചെയ്യാറുണ്ട്. ഇതൊഴിവാക്കണം. ഹൈറേഞ്ച് യാത്രക്ക് ശേഷം തിരികെ വരുന്നവർ കയറുന്ന ആദ്യ ഗിയറിൽ തന്നെ വാഹനം ഓടിക്കാതെ പരിചയ കുറവ് മൂലം ബ്രേക്ക് ചവിട്ടി ഇറങ്ങിവരികയും തന്മൂലം ബ്രേക്ക് പാഡുകൾ ചൂടായി, ബ്രേക്ക് നഷ്ടപ്പെട്ട കൊക്കയിലേക്ക് അഗാധ ഗർത്തങ്ങളിലേക്ക് പതിച്ചും അപകടങ്ങൾ ഉണ്ടാകാറുണ്ട്. കയറ്റം കയറുന്ന അതേ ഗിയറിൽ തന്നെ വേണം ഇറക്കമിറങ്ങിവരുന്നതിനുമെന്നത് ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.