കേരള-തമിഴ്നാട് അതിർത്തി മേഖലയിൽ കനത്ത മഴ
text_fieldsതൊടുപുഴ: കേരള തമിഴ്നാട് അതിർത്തി മേഖലയിൽ പെയ്ത ശക്തമായ മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ബോഡിമെട്ട് ചുരത്തിൽ ഒമ്പതാം വളവിലും പതിനൊന്നാം വളവിലും മണ്ണിടിഞ്ഞ് വീണു. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി വാഹനങ്ങൾ കുടുങ്ങി. മണിക്കൂറുകൾക്ക് ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.
നെടുങ്കണ്ടത്ത് തെങ്ങ് കടപുഴകി വീണ് വെസ്റ്റ്പാറ സ്വദേശി സുമതിയുടെ വീട് തകർന്നു. വണ്ടിപ്പെരിയാർ വാളാടി എസ്റ്റേറ്റിലെ ശങ്കറിന്റെ വീടിന് മുകളിലേക്ക് വൻ മരം കടപുഴകി വീണു.
വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മഴയെത്തുടർന്ന് നീരൊഴുക്ക് വർധിച്ചതോടെയാണ് മുല്ലപ്പെരിയാർ ഡാമിൽ ജല നിരപ്പുയർന്നത്. ജലനിരപ്പ് 138 അടി പിന്നിട്ടതോടെ തമിഴ്നാട് സർക്കാർ രണ്ടാം ഘട്ട മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാവിലെ ഡാമിന്റെ ഷട്ടറുകൾ തുറക്കും.
സംരക്ഷണഭിത്തി ഇടിഞ്ഞ് മറ്റൊരു വീടിന്റെ മതിൽ തകർന്നു
മറയൂർ: മറയൂരിലും പ്രദേശങ്ങളിലും രണ്ടുദിവസമായി ഇടവിടാതെ പെയ്യുന്ന കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു മറ്റൊരു വീടിന്റെ ചുമർ തകർന്നു. കീഴാന്തൂരിൽ ധർമ്മന്റെ വീടിന്റെ മുറ്റത്തോടുകൂടിയ സംരക്ഷണഭിത്തിയാണ് തകർന്നത്. താഴ് വശത്തായി ഉള്ള ഒറ്റക്ക് താമസിക്കുന്ന മഹേശ്വരിയുടെ (66) വീടിന്റെ ചുമരാണ് തകർന്നത്. രാത്രി 10 മണിയോടെയാണ് സംഭവം.
ഈ സമയത്ത് കനത്ത മഴക്കൊപ്പം ഇടി വെട്ടിയിരുന്നു. അപ്പോഴാണ് സംരക്ഷണഭിത്തി തകർന്നതെന്നാണ് ധർമ്മൻ പറയുന്നത്. താഴ് വശത്തുള്ള ചുമരിൽ കല്ലുകൾ വീണപ്പോൾ ചുമര് ഇടിഞ്ഞ് വീടിനുള്ളിൽ ഇഷ്ടികകൾ വീണു. ജനങ്ങൾ തിങ്ങി പാർക്കുന്ന ഗ്രാമത്തിൽ സമീപവാസികൾ ശബ്ദം കേട്ട് ഓടിയെത്തി ഉടൻതന്നെ മഹേശ്വരിയെ മറ്റൊരു വീട്ടിലേക്ക് മാറ്റി. മറയൂർ കാന്തല്ലൂർ റോഡിൽ നാത്തപാറ ഭാഗത്ത് സ്വകാര്യ ഭൂമിയിലും സംരക്ഷണ ഭിത്തിയിടിഞ്ഞു.
അമരാവതി അണക്കെട്ട് നിറഞ്ഞു
മറയൂർ: രണ്ടുദിവസമായി 24 മണിക്കൂറും തുടർച്ചയായി പെയ്ത കനത്ത മഴയിൽ പാമ്പാറിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കിൽ തമിഴ്നാട്ടിലെ അമരാവതി അണക്കെട്ട് നിറഞ്ഞു. പ്രധാനമായും മറയൂർ- കാന്തല്ലൂർ തളയാർ ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടെയുള്ള മലനിരകളിൽ നിന്നുള്ള നീരൊഴുക്കും പെയ്തിറങ്ങുന്ന മഴയുമാണ് പാമ്പാടിയിലൂടെ ഒഴുകി അമരാവതി അണക്കെട്ടിൽ എത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നീരൊഴുക്ക് വർധിച്ചു. ഇതേ തുടർന്നാണ് തിങ്കളാഴ്ച അമരാവതി അണക്കെട്ട് നിറഞ്ഞത്. അമരാവതിയിൽ ഭാഗികമായി ഷട്ടറുകൾ തുറന്നുവിടാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
തെങ്ങ് കടപുഴകി വീണ് വീടിന് ഭാഗികനാശം
നെടുങ്കണ്ടം: ശക്തമായ മഴയിൽ രാമക്കൽമേട് വെസ്റ്റ്പാറയിൽ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വെസ്റ്റ്പാറ ബ്ലോക്ക് 576 സുമതിയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ഞായറാഴ്ച രാത്രി 10:40 ഓടെയാണ് സംഭവം.
വീടിന് സമീപം നിന്ന വലിയ തെങ്ങ് വീണ് രണ്ടു മുറി പൂർണമായി തകർന്നു. മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന സുമതി ശബ്ദം കേട്ട് ഓടിമാറിയതിനാൽ തലനാരിഴക്ക് രക്ഷപ്പെട്ടു. സുമതി വീട്ടിൽ തനിച്ചായിരുന്നു. പ്രദേശത്ത് ഞായറാഴ്ച ശക്തമായ മഴയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.