കനത്തമഴ; ഇടുക്കി ജില്ലയിൽ വ്യാപക നാശം
text_fieldsതൊടുപുഴ: കഴിഞ്ഞ ദിവസം ജില്ലയിലുണ്ടായ കനത്ത മഴയിൽ വ്യാപക നാശം. പലയിടത്തും ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും വ്യാപകകൃഷി നാശമുണ്ടായി. വെള്ളിയാഴ്ച വൈകീട്ട് മുതൽ രാത്രിവരെ പെയ്ത മഴയിലാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ഉരുൾപൊട്ടിയ പൂച്ചപ്രയിലും കുളപ്പുറത്തും ഏക്കർകണക്കിന് കൃഷി നശിച്ചു. തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞു. ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. അപകട സാധ്യത മുന്നിൽക്കണ്ട് ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. ഹൈറേഞ്ചിൽ കാര്യമായ പ്രശ്നങ്ങളുണ്ടാക്കിയില്ലെങ്കിലും ലോ റേഞ്ചിൽ മഴ വ്യാപക നാശനഷ്ടമുണ്ടാക്കി.
തൊടുപുഴ പൂച്ചപ്രയിലും കുളപ്പറത്തുമുണ്ടായ ഉരുൾപൊട്ടലിൽ കൃഷിയിടങ്ങൾ നശിച്ചു. റോഡ് തകർന്നു, വൈദ്യുതി ബന്ധം തകരാറിലുമായി. രണ്ട് വീടിന് കേടുപാട് സംഭവിച്ചു. അപകട സാധ്യതയുള്ള ഇടങ്ങളിൽനിന്ന് ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തി. ഉടുമ്പന്നൂരിൽ വെള്ളിയാഴ്ച വൈകീട്ട് മുതൽ രാത്രിവരെ പെയ്തത് 233 മില്ലിമീറ്റർ മഴയാണ്.
ചെറിയ സമയത്തിനുള്ളിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ച സ്ഥലങ്ങളിലൊന്നാണ് ഉടുമ്പന്നൂർ. തൊടുപുഴ, മൂലമറ്റം, വെള്ളിയാമറ്റം തുടങ്ങിയ ലോറേഞ്ച് മേഖലകളിലും കുളമാവ്, വാഗമൺ എന്നിവിടങ്ങളിലും അതിശക്തമായ മഴയാണ് ലഭിച്ചത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മലങ്കര ഡാമിലെ അഞ്ച് ഷട്ടർ ഒന്നരമീറ്റർ വീതം ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച പൊതുവെ ജില്ലയുടെ വിവിധ ഭാഗങ്ങൾ മഴ കുറവാണ് അനുഭവപ്പെട്ടത്.
ജാഗ്രത പാലിക്കണം -കലക്ടർ
തൊടുപുഴ: മഴ കനത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ ഷീബ ജോർജ് അറിയിച്ചു. ജില്ല ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും നൽകുന്ന മുന്നറിയിപ്പ് അവഗണിക്കരുതെന്നും അവർ പറഞ്ഞു. രാത്രിയിൽ മലയോര യാത്ര ഒഴിവാക്കണം. തോടുകളിലും അരുവികളിലും ഇറങ്ങരുത്. ദുരന്ത നിവാരണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ല സജ്ജമാണ്. എന്നാൽ, പൊതുജനങ്ങളുടെ സഹകരണം കൂടി ഇക്കാര്യത്തിൽ വേണം. ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.