ഹില്ലി അക്വ കുപ്പിവെള്ളം; ഇനി അഞ്ച്, 20 ലിറ്റര്‍ ജാറുകളിലും
text_fieldsതൊടുപുഴ: സംസ്ഥാന സര്‍ക്കാറിന്റെ കുപ്പിവെള്ള ബ്രാന്‍ഡായ ഹില്ലി അക്വ അഞ്ച് ലിറ്ററിന്റെയും 20 ലിറ്ററിന്റെയും ജാറുകളില്‍ തൊടുപുഴയിലെ പ്ലാന്റില്‍നിന്ന് ലഭ്യമാക്കാന്‍ സജ്ജമായി. ഇതിനായി സ്ഥാപിച്ച പ്ലാന്റിന്റെയും നവീകരിച്ച ഫാക്ടറി ഔട്ട്ലറ്റിന്റെയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും. പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ് (കിഡ്ക്) ഹില്ലി അക്വയുടെ ഉല്പാദനവും വിതരണവും നടത്തുന്നത്. 2015ൽ മ്രാലയിലെ ഫാക്ടറിയിൽ ഒരുലിറ്റർ കുപ്പിവെള്ളം ഉല്പാദിപ്പിച്ചാണ് തുടക്കം. തുടര്‍ന്ന് രണ്ടു ലിറ്ററിന്റെയും അരലിറ്ററിന്റെയും ഉല്പാദനവും തുടങ്ങി.
2020ൽ തിരുവനന്തപുരം അരുവിക്കരയിലും ഹില്ലി അക്വ പ്ലാന്റ് തുറന്നു. ഇവിടെ തുടക്കത്തിൽ 20 ലിറ്റർ ജാർ മാത്രമായിരുന്നു ഉല്പാദനം. പിന്നീട് അരലിറ്റർ, ഒരുലിറ്റർ, രണ്ടുലിറ്റർ കുപ്പിവെള്ളവും ഇവിടെ ഉല്പാദിപ്പിച്ച് വിപണിയിലെത്തിച്ചു. ഒരുലിറ്റർ കുപ്പിവെള്ളത്തിന് സ്വകാര്യ കമ്പനികൾ 20 രൂപ ഈടാക്കുമ്പോൾ ഹില്ലി അക്വക്ക് 15 രൂപയാണ് പരമാവധി വില്പന വില.
ഫാക്ടറി ഔട്ട്ലറ്റുകൾ, റേഷൻ കടകൾ, കണ്‍സ്യൂമർ ഫെഡ് സ്റ്റോറുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ, ത്രിവേണി, ജയിൽ ഔട്ട്ലറ്റുകൾ ഉള്‍പ്പെടെ തെരഞ്ഞെടുത്ത കൗണ്ടറുകളിൽനിന്ന് 10 രൂപക്ക് ഒരുലിറ്റർ കുപ്പിവെള്ളവും ലഭിക്കും. അരലിറ്റർ, രണ്ടുലിറ്റർ കുപ്പിവെള്ളവും കുറഞ്ഞ നിരക്കിൽ ഫാക്ടറി ഔട്ട്ലറ്റുകളിൽ ലഭ്യമാണ്.
കുപ്പിവെള്ളത്തിന് ആവശ്യകത വര്‍ധിച്ചതോടെ ഡിസംബർ മുതൽ പ്ലാന്റുകളിൽ അഡീഷനൽ ഷിഫ്റ്റുകൾ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അഞ്ച്, 20 ലിറ്റർ ജാറുകളുടെ വിതരണം മ്രാലയിൽനിന്ന് വൈകാതെ ആരംഭിക്കാനാണ് കിഡ്കിന്റെ ശ്രമം. 2022-23 സാമ്പത്തിക വര്‍ഷം 5.22 കോടി രൂപ വിറ്റുവരവ് നേടിയ ഹില്ലി അക്വ നടപ്പുസാമ്പത്തിക വര്‍ഷം ഇതുവരെ 7.6 കോടി രൂപ വിറ്റുവരവ് നേടിയിട്ടുണ്ട്. ഈ വര്‍ഷം 8.5 കോടി രൂപയാണ് കമ്പനി ലക്ഷ്യമിടുന്നത്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സോഡയും ശീതളപാനീയങ്ങളും ഉല്പാദിപ്പിച്ച് വിതരണം ചെയ്യാൻ കിഡ്കിന് സര്‍ക്കാർ അനുമതി നല്കി. ഇതിനുള്ള പ്രവര്‍ത്തനങ്ങൾ തുടങ്ങിയതായി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.