ഇടമലക്കുടിയിൽ ‘നങ്ക വോട്ട് കാമ്പയിന്’
text_fieldsതൊടുപുഴ: ലോക്സഭ തെരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗ വിഭാഗത്തിന്റെ സമ്പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ‘നങ്ക വോട്ട് കാമ്പയിൻ’ സംഘടിപ്പിച്ചു.
ജില്ല ഭരണകൂടവും ജില്ല ഇലക്ഷന് വിഭാഗവും ചേർന്ന് തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി ആവിഷ്കരിച്ച കാമ്പയിൻ ഇടമലക്കുടിയല്‍ ജില്ല കലക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത മുഴുവന്‍ പട്ടികവര്‍ഗ വിഭാഗക്കാരെയും ട്ടികയില്‍ ചേര്‍ക്കുകയാണ് നങ്ക വോട്ട് കാമ്പയിനിന്റെ ലക്ഷ്യം. നങ്ക വോട്ട് എന്നാല്‍ മന്നാന്‍ ഭാഷയില്‍ നമ്മുടെ വോട്ട് എന്നാണർഥം.
ദേവികുളം സബ്കലക്ടര്‍ ജയകൃഷ്ണന്, ഇടുക്കി സബ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ എന്നിവര്‍ ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നൽകി. ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തില്‍ വിവിധ കുടികളിലെ 30ഓളം പേരെ പരിപാടിയോടനുബന്ധിച്ച് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു.
ഊരിലെ മുഴുവന്‍ ആളുകളെയും തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കാന്‍ ഊരു മൂപ്പന്മാരുടെ കോൺക്ലേവും കലക്ടര്‍ ഇടമലക്കുടിയില്‍ വിളിച്ചുചേര്‍ത്തു. എല്ലാ താലൂക്കിലും ഇത്തരത്തില്‍ മൂപ്പന്മാരുടെ കോണ്‍ക്ലേവ് വിളിക്കാനും തെരഞ്ഞെടുപ്പില്‍ ഊരുകളിലെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്താനും ജില്ല ഭരണകൂടം പദ്ധതി തയാറാക്കിയിട്ടുണ്ട്.
ഊരുകളിലെ 18 വയസ്സു തികഞ്ഞ മുഴുവനാളുകളെയും പട്ടികയില്‍ ചേര്‍ക്കുകയും അവരില്‍ 100 ശതമാനം വോട്ടിങ് ഉറപ്പു വരുത്തുകയും ചെയ്യുന്ന മൂപ്പന്മാര്ക്ക് കലക്ടര്‍ പ്രത്യേക സമ്മാനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്കായി ചിത്രരചനയും വോട്ട് യന്ത്രവും വോട്ടു ചെയ്യുന്ന രീതിയും പരിചയപ്പെടുത്താൻ മുതിര്‍ന്നവര്‍ക്ക് മോക് പോളും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.