ഇടുക്കി ജില്ല വികസന സമിതി യോഗം; നിര്‍മാണം മുടങ്ങിയ പദ്ധതികള്‍ പൂർത്തിയാക്കാൻ നിർദേശം
text_fields തൊടുപുഴ: ഇടുക്കിയില്‍ വിവിധ മേഖലകളില്‍ നിര്‍മാണപ്രവര്‍ത്തനം മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ ഉടനെ പൂര്‍ത്തിയാക്കണമെന്ന് അഡ്വ. എ. രാജ എം.എല്‍.എ. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കലക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷം അനുവദിച്ച ദേവികുളം, അടിമാലി ബ്ലോക്കുകളിലെ വിവിധ റോഡുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരണാനുമതി നല്കി ഫണ്ട് അനുവദിച്ച വട്ടവട മോഡേണ്‍ വില്ലജ് പദ്ധതിയും വട്ടവടയിലെ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിട നിര്‍മാണവും മുടങ്ങിക്കിടക്കുകയാണ്. ഇവയുടെ സാങ്കേതിക തടസ്സങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ വകുപ്പ് മേധാവികളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇടമലക്കുടിയിലെ റോഡുകളുടെ നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള പാതകള്‍ ഇടുങ്ങിയതായതിനാലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പെട്ടിമുടിയില്‍ അവശേഷിക്കുന്ന പാറകള്‍ പൊട്ടിച്ച് ഉപയോഗിക്കുന്നതിന് ജില്ല ഭരണകൂടം അനുമതി നല്‍കണമെന്ന നിർദേശവും അദ്ദേഹം യോഗത്തില്‍ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.