മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മിക്കാന്‍ ഇടുക്കി ജില്ല പഞ്ചായത്ത് 50 സെന്റ് വിട്ടുനല്‍കും
text_fieldsതൊടുപുഴ: മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിന് ജില്ല പഞ്ചായത്ത് 50 സെന്റ് സ്ഥലം വിട്ടുനൽകുമെന്ന് ജില്ല പഞ്ചായത്ത് സെക്രട്ടറി ജില്ല വികസനസമിതി യോഗത്തെ അറിയിച്ചു. കലക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് സെക്രട്ടറി തീരുമാനം അറിയിച്ചത്. യോഗത്തിൽ പ്ലാൻ സ്കീമുകളുടെ ധനവിനിയോഗവുമായി ബന്ധപ്പെട്ട് നടത്തിയ അവലോകനത്തിൽ പിന്നാക്കം നിൽക്കുന്ന വകുപ്പുകളോട് സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 100 ശതമാനം ധനവിനിയോഗം നടത്താൻ അടിയന്തര നടപടികളെടുക്കാൻ കലക്ടർ ആവശ്യപ്പെട്ടു.
മൺസൂണിനോടനുബന്ധിച്ച് കൃഷി നാശം സംഭവിച്ചവരുടെ പട്ടിക തയാറാക്കി സർക്കാറിലേക്ക് നൽകിയതായി പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. കർഷകരിൽനിന്ന് സംഭരിച്ച നാടൻ പഴം, പച്ചക്കറികൾ വിൽപന നടത്താൻ എല്ലാ കൃഷിഭവനുകൾക്ക് കീഴിലും ഓണച്ചന്തകൾ ആരംഭിച്ചു. ഇവ 28 വരെ പ്രവർത്തിക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗം ഏറ്റെടുത്ത് നടത്തുന്ന എല്ലാ പ്രവൃത്തികളും സമയബന്ധിതമായിതന്നെ പുരോഗമിക്കുന്നതായി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
ഒക്ടോബർ മൂന്നിന് എറണാകുളത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന മേഖല യോഗത്തിൽ അവതരിപ്പിക്കാൻ ജില്ല, സംസ്ഥാനതലങ്ങളിൽ തീർപ്പാക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് എല്ലാ വകുപ്പ് തലവന്മാരും സെപ്റ്റംബർ എട്ടിനകം വിവരങ്ങൾ ലഭ്യമാക്കണമെന്ന് കലക്ടർ നിർദേശിച്ചു. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി നിർമിക്കുന്ന വർക്കിങ് മെൻസ് ആൻഡ് വിമൻസ് ഹോസ്റ്റലിന് ജില്ല പഞ്ചായത്ത് വിട്ടുകൊടുക്കാനുദ്ദേശിക്കുന്ന സ്ഥലം പി.ഡബ്ല്യു.ഡി അധികൃതരുമൊത്ത് സന്ദർശിച്ചതായും ഉടൻ ഭൂമി കൈമാറാനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ല പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാനങ്ങളുടെ മുന്നിലെ വാഹനത്തിരക്കും അമിതവേഗവും നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുകയും പൊതുമരാമത്ത് വകുപ്പ് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുകയും ചെയ്യും.
തടിയമ്പാട് ടൗണിലും അട്ടിക്കളം ഭാഗത്തും പാതയോരത്ത് അപകടകരമായി നിന്ന മരങ്ങൾ വെട്ടിമാറ്റിയതായി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കരുതലും കൈത്താങ്ങും അദാലത്തിൽ ലഭിച്ച അപേക്ഷകളിൽ ഇനിയും തീരുമാനമാകാത്തവയിൽ എത്രയും വേഗം നടപടി സ്വീകരിക്കാൻ നിർദേശിച്ചതായി എ.ഡി.എം അറിയിച്ചു.
കുട്ടികളുടെ ഹോസ്റ്റലിൽ ടൈഫോയ്ഡ്; പരിശോധന തുടരാൻ നിർദേശം
കുട്ടികളുടെ ഹോസ്റ്റലുകളിൽ ടൈഫോയ്ഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഡി.എം.ഒ, ഭക്ഷ്യസുരക്ഷ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായി നടത്തുന്ന പരിശോധനകൾ തുടരാൻ കലക്ടർ നിർദേശിച്ചു.
ഇടമലക്കുടിയിൽ ബി.എസ്.എൻ.എൽ കണക്ഷൻ ലഭ്യമാക്കുന്ന പ്രവൃത്തി ആഗസ്റ്റ് 31നകം പൂർത്തീകരിക്കണം. ഇടമലക്കുടി-ഇഡലിപ്പാറക്കുടി റോഡ് നിർമാണം ഓണാവധി കഴിഞ്ഞാലുടൻ ആരംഭിക്കാൻ കലക്ടർ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.
ഉപയോഗശൂന്യമായ പാറമടകളിൽ സുരക്ഷാവേലി സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ചു. തൊടുപുഴ മോർ ജങ്ഷനിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കംപ്ലീറ്റ് ട്രാഫിക് സിസ്റ്റം സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.