ഉയരുന്നു, കലയോളം: ഇടുക്കി ജില്ല സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും
text_fieldsതൊടുപുഴ: കോവിഡിൽ നഷ്ടമായ രണ്ട് വർഷത്തിന്റെ ഇടവേളക്ക് ശേഷം ജില്ലയിലെ കൗമാര പ്രതിഭകളുടെ കലാവിസ്മയങ്ങൾക്ക് തിരി തെളിയുന്നു. 33ാമത് റവന്യൂ ജില്ല കലോത്സവം 'ഉണർവ് 2K22'ന് തൊടുപുഴ മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ബുധനാഴ്ച തുടക്കമാകും. ഡിസംബർ മൂന്ന് വരെ പത്ത് വേദിയിലായി അരങ്ങേറുന്ന യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് കലോത്സവം, സംസ്കൃതോത്സവം, തമിഴ് കലോത്സവം, സാഹിത്യോത്സവം എന്നിവക്ക് ഒരുക്കം പൂർത്തിയായതായി ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പത്ത് വേദി, 3160 മത്സരാർഥികൾ
ഏഴ് ഉപജില്ലകളിൽനിന്നായി 3160 വിദ്യാർഥികൾ 200ഓളം ഇനങ്ങളിൽ മാറ്റുരക്കും. യു.പി വിഭാഗത്തിൽ 37 ഇനത്തിലും എച്ച്.എസിൽ 88 ഇനത്തിലും എച്ച്.എസ്.എസിൽ 93 ഇനത്തിലുമാണ് മത്സരം. ബുധനാഴ്ച രാവിലെ ഒമ്പതിന് രണ്ടാം വേദിയായ എസ്.ജി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷൻ തുടങ്ങും.
9.30ന് ഡി.ഡി.ഇ പതാക ഉയർത്തും. ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന് ഒന്നാം വേദിയായ പാരിഷ് ഹാളിൽ ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. വാഴൂർ സോമൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി സബ് കലക്ടർ അരുൺ എസ്. നായർ സന്ദേശം നൽകും. ശനിയാഴ്ച വൈകീട്ട് 4.30ന് സമാപന സമ്മേളനം നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർപേഴ്സൻ ജെസി ജോണി അധ്യക്ഷത വഹിക്കും.
കലോത്സവ ലോഗോ രൂപകൽപന ചെയ്ത നെയ്യശ്ശേരി എസ്.എൻ.സി.എം എൽ.പി.എസ് അധ്യാപകൻ സി.എം. സുബൈർ, കലോത്സവത്തിന് പേരിട്ട മാങ്കുളം സെന്റ് മേരീസ് എച്ച്.എസ്.എസ് വിദ്യാർഥി എഡ്വിൻ ജിമ്മി എന്നിവരെ ആദരിക്കും. സെന്റ് ജോർജ് യു.പി സ്കൂളിലാണ് ഭക്ഷണം ഒരുക്കിയിട്ടുള്ളത്. വാർത്തസമ്മേളനത്തിൽ മുതലക്കോടം സെന്റ് ജോർജ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജിജി ജോർജ്, പബ്ലിസിറ്റി കൺവീനർ സണ്ണി കൂട്ടുങ്കൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.ആർ. അനിൽകുമാർ, ജോയന്റ് കൺവീനർ ജോർജ് വർഗീസ് എന്നിവരും പങ്കെടുത്തു.
വേദികൾ
പാരിഷ്ഹാൾ
സെന്റ് ജോർജ് എച്ച്.എസ്
ഓഡിറ്റോറിയം
സെന്റ് ജോർജ് എച്ച്.എസ്.
എസ് ഓഡിറ്റോറിയം
സേക്രഡ് ഹാർട്ട് ജി.എച്ച്.എസ് ഓഡിറ്റോറിയം
സേക്രഡ് ഹാർട്ട് ജി.എച്ച്.എസ് ഓപൺ സ്റ്റേജ്
സെന്റ് ജോർജ് എച്ച്.എസ്
ഓപൺ സ്റ്റേജ്
7, 8, 9, 10 വേദികൾ: സെന്റ് ജോർജ് എച്ച്.എസ്.എസ്
ക്ലാസ് മുറികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.