പ്രതികൂല കാലാവസ്ഥ തടസ്സമായില്ല; ഓണക്കാലത്ത് ഇടുക്കിയിലേക്ക് സഞ്ചാരികൾ ഒഴുകി
text_fieldsതൊടുപുഴ: പ്രതികൂല കാലാവസ്ഥയിലും സഞ്ചാരികൾ ഇടുക്കിയെ കൈവിട്ടില്ല. ഓണാവധിക്കാലത്ത് ഇക്കുറി മുൻ വർഷത്തേക്കാൾ സഞ്ചാരികൾ ഇടുക്കിയിലെ ടൂറിസ്റ്റ് സങ്കേതങ്ങൾ തേടിയെത്തി. രാത്രികാല യാത്രാനിരോധനവും കാലാവസ്ഥ മുന്നറിയിപ്പും കരിനിഴലായി നിൽക്കെത്തന്നെയാണ് സഞ്ചാരികൾ ഇത്തവണ കൂടുതലായി എത്തിയത്. ഉത്രാട ദിനമായിരുന്ന 14 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ജില്ലയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ മാത്രം 1,64,205 പേർ സന്ദർശനം നടത്തി. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് വാഗമൺ
മൊട്ടക്കുന്നിലാണ്- 54,590 പേർ. ഇടുക്കി ഹിൽവ്യൂ പാർക്കിൽ മുൻ വർഷത്തേക്കാൾ ഇരട്ടിയിലധികം പേരെത്തി. എന്നാൽ മാട്ടുപ്പെട്ടി, രാമക്കൽമേട്, ശ്രീനാരായണപുരം എന്നിവിടങ്ങളിൽ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. 2023ൽ ഓണാവധിക്ക് ജില്ലയിലെ ഡി.ടി.പി.സിയുടെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത് ആകെ 1,34,522 സഞ്ചാരികളായിരുന്നു. ഇത്തവണ 29,683 പേർ കൂടുതൽ എത്തി. ഇതോടെ, ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്ന വ്യാപാരികൾ, ഹോട്ടൽ, വഴിയോരക്കച്ചവടക്കാർ എന്നിവർക്കും ഓണം സീസൺ ത്രില്ലായി.
ഡി.ടി.പി.സിയുടെ കീഴിലുള്ള കേന്ദ്രങ്ങൾക്ക് പുറമേ ജില്ലയിലെ വനംവകുപ്പിന്റെ കീഴിലെ കേന്ദ്രങ്ങളിലും ഹൈഡൽ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്കുണ്ടായി. മൂന്നാറിൽ സഞ്ചാരികൾ ഏറെയെത്തിയെങ്കിലും റിസോർട്ടുകളിലും മറ്റും മുറിയെടുത്ത് താമസിക്കുന്നവരുടെ എണ്ണം കുറവായിരുന്നു. രാവിലെയെത്തി സ്ഥലങ്ങൾ സന്ദർശിച്ചശേഷം വൈകീട്ട് മടങ്ങിപ്പോകുന്നവരായിരുന്നു അധികവും. പൂജ അവധി ദിനങ്ങളിലും ദീപാവലിക്കും കൂടുതൽ സഞ്ചാരികളെ പ്രതീക്ഷിക്കുകയാണ് മൂന്നാറും വാഗമണ്ണുമൊക്കെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.