അനധികൃത ആനസവാരി കേന്ദ്രങ്ങൾ കർശനമായി തടയും -ജില്ല കലക്ടർ
text_fieldsതൊടുപുഴ: ഇടുക്കി ജില്ലയിലെ അനധികൃത ആനസവാരി കേന്ദ്രങ്ങളുടെ പ്രവർത്തനം കർശനമായി തടയുമെന്ന് ജില്ല കലക്ടർ ഷീബ ജോർജ് അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന നടത്തി കർശന നിയമ നടപടി സ്വീകരിക്കാൻ വനം വകുപ്പിന് നിർദേശം നൽകി. അടിമാലിക്ക് സമീപം പ്രവർത്തിച്ചിരുന്ന ‘കേരള ഫാം’ എന്ന സ്വകാര്യ ആനസവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കലക്ടറുടെ അടിയന്തര നിർദേശം. അനധികൃതമായി പ്രവർത്തിച്ചിരുന്ന അടിമാലിയിയിലെ കേന്ദ്രം അടച്ചുപൂട്ടി. ആനയെ രജിസ്റ്റര്‍ ചെയ്ത കോട്ടയം ജില്ലയിലേയ്ക്ക് മാറ്റുന്നതിന് ഉടമസ്ഥന് നിർദേശം നൽകി. ആന സവാരി കേന്ദ്രത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇത്തരം കേന്ദ്രങ്ങളിൽ അപകടങ്ങളും ജീവഹാനികളും സംഭവിക്കുവാനുള്ള സാധ്യതകൾ കൂടുതലാണ്. ഈ സാഹചര്യത്തിൽ ജില്ലയില്‍ അനധികൃത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് തുടർച്ചയായി നിരീക്ഷിക്കാനും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും നാട്ടാന പരിപാലന ചട്ടം അനുസരിച്ച് വനം വകുപ്പിന് നിർദേശം നൽകിയതായി കലക്ടർ അറിയിച്ചു. ഒരു ആനക്ക് ലഭിച്ച ലൈസൻസിന്റെ മറവിൽ കൂടുതൽ ആനകളെ ഉപയോഗിക്കുന്നത് കർശനമായി തടയും. അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനില്ലാതെയും അനുമതികളില്ലാതെയും പ്രവർത്തിക്കുന്ന ആനസവാരികേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ പൊലീസിനെയും വനം വകുപ്പ് അധികൃതരെയും അറിയിക്കണമെന്ന് പൊതുജനങ്ങളോട് കലക്ടർ അഭ്യർഥിച്ചു.
‘ആനസവാരികൾ അനുവദിക്കരുത്’ -കോയ അമ്പാട്ട്
അടിമാലി: ഇടുക്കി ജില്ലയിൽ ടൂറിസത്തിന്റെ മറവിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആന സവാരികളും അനുബന്ധ അപകട സാധ്യതയുള്ള പ്രവർത്തനങ്ങളും നിർത്തിവെപ്പിക്കണമെന്ന് ആർ.ജെ.ഡി ഇടുക്കി ജില്ല പ്രസിഡൻറ് കോയ അമ്പാട്ട് ആവശ്യപ്പെട്ടു.സഞ്ചാരികൾക്കും ഭീഷണിയാകും വിധം ടൂറിസത്തിന്റെ പേരിൽ വ്യാജ രേഖകളിലൂടെയും, അല്ലാതെയും പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ അടിയന്തരമായി നിർത്തിവെപ്പിക്കണം. ഇത്തരം കേന്ദ്രങ്ങൾക്ക് സുരക്ഷ സംവിധാനങ്ങളുടെ പരിശോധനകൾക്ക് ശേഷം മാത്രമേ അനുമതി കൊടുക്കാവൂ എന്നും ഇത്തരത്തിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് ഉത്തരവാദികൾ നടത്തിപ്പുകാർ മാത്രമല്ലെന്നും അധികാരികള്‍ കൂടി ആണെന്നും കഴിഞ്ഞ ദിവസം ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് മരിച്ച പാപ്പാന് നഷ്ടപരിഹാരം നൽകണമെന്നും കോയ അമ്പാട്ട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.