അനധികൃത ഭൂമി ഇടപാട്: സി.പി.എം നേതാവ് വെട്ടിൽ; സംരക്ഷിക്കാൻ പാർട്ടി
text_fieldsതൊടുപുഴ: പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ അതിവേഗ നടപടിക്രമത്തിലൂടെയും പാർട്ടി അറിയാതെയും സി.പി.എം നേതാവ് ലക്ഷങ്ങൾ മുടക്കി ശാന്തൻപാറ വില്ലേജിലെ പേത്തൊട്ടിയിൽ 14.87 ഏക്കർ ഭൂമി വാങ്ങിയത് വിവാദത്തിൽ.
‘ബോട്ട് ഇൻ ലാൻഡ്’ ആയി സർക്കാർ ഏറ്റെടുത്ത ഭൂമിയാണ് പാർട്ടി ഏരിയ കമ്മിറ്റിയംഗമായ നേതാവ് നിയമവിരുദ്ധമായി സർവ മുക്ത്യാർ (പവർ ഓഫ് അറ്റോണി) വഴി സ്വന്തമാക്കിയത്.
റവന്യു റിക്കവറിയെ തുടർന്ന് ലേലത്തിനുവെക്കുകയും എന്നാൽ ലേലത്തിൽ ആരും ഏറ്റെടുക്കാതെ വരികയും ചെയ്യുമ്പോഴാണ് ബോട്ട് ഇൻ ലാൻഡായി റവന്യു വകുപ്പ് ഭൂമിയേറ്റെടുക്കുന്നത്. ഇങ്ങനെ ഏറ്റെടുക്കുന്ന ഭൂമി കൈമാറ്റം ചെയ്യുന്നത് നിയമവിരുദ്ധമാണ്.
റവന്യു റിക്കവറിക്കുശേഷം നിശ്ചിത വർഷത്തിനുള്ളിൽ അതിനിടയാക്കിയ വായ്പക്കുടിശ്ശികയും പലിശയും അടച്ചുതീർത്താൽ ഭൂമി ഉടമസ്ഥന് വിട്ടുനൽകാനാകും. അതുവരെ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിനും നടത്തിപ്പുചുമതല വില്ലേജ് ഓഫിസർക്കുമാണ്.
ഇങ്ങനെയുള്ള വസ്തു കൃഷിക്കോ നിർമാണപ്രവർത്തനങ്ങൾക്കോ വേണ്ടി ഉപയോഗിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ വ്യവസ്ഥയുണ്ട്.
ഈ നടപടിക്രമങ്ങൾ മറികടന്നാണ് തമിഴ്നാട് തിരുച്ചിറപ്പള്ളി സോമരാസംപെട്ടൈ സ്വദേശിയായ 83കാരനിൽനിന്ന് കഴിഞ്ഞ ഏപ്രിൽ എട്ടിന് സി.പി.എം നേതാവ് മുക്ത്യാർ എഴുതി വാങ്ങി ഭൂമി സ്വന്തമാക്കിയത്.
പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്വന്തം മുന്നണി സ്ഥാനാർഥി ഹൈറേഞ്ച് മേഖലയിൽ പര്യടനം നടത്തിയതിന്റെ തലേന്നാണ് നാട്ടുകാരനായ ഏരിയ കമ്മിറ്റിയംഗം തിടുക്കപ്പെട്ട് വസ്തു ഇടപാട് നടത്തിയത്. പിന്നീട് ഈ വസ്തുവുമായി അതിർത്തി പങ്കിടുന്ന മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഒരു ഭാഗം കൈവശപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ദേവികുളം മുൻസിഫ് കോടതിയിൽ ഇതേ നേതാവിനെതിരെ കേസുണ്ടായി.
നേതാവ് ഭൂമി കൈയേറിയ സംഭവത്തിൽ, ഈ വസ്തു പാട്ടത്തിനെടുത്തയാൾ സി.പി.എം ജില്ല നേതൃത്വത്തിനും പരാതി നൽകിയ സംഭവവും ഉണ്ടായി.
ഈ പരാതി ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്ത സി.പി.എം ജില്ല നേതൃത്വം, എന്നാൽ തൊട്ടുമുമ്പ് ഏരിയ കമ്മിറ്റിയംഗം നടത്തിയ അനധികൃത ഭൂമിയിടപാടിൽ ഇടപെട്ടില്ല. സി.പി.എം നേതാവിന് ഭൂമി കൈമാറിയ തമിഴ്നാട് സ്വദേശി 2020ൽ ഇതേ ഭൂമി കോതമംഗലം കടവൂർ സ്വദേശിയായ മറ്റൊരാൾക്ക് കൈമാറിയതായി വിൽപനക്കരാറുണ്ടാക്കി ദേവികുളം സബ് റജിസ്ട്രാർ ഓഫിസിൽ റജിസ്റ്റർ ചെയ്തിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ നേതാവ് താമസിക്കുന്ന പ്രദേശത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ലോക്കൽ സമ്മേളനങ്ങളിൽ പ്രതിനിധികൾ വിഷയം ഉന്നയിച്ചെങ്കിലും സമ്മേളനത്തിൽ പങ്കെടുത്ത ജില്ല കമ്മിറ്റിയംഗം ഉൾപ്പെടെ നേതാക്കൾ ഈ വിഷയത്തിൽ ചർച്ച ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.