മണ്ണ് തുരന്ന്...തുരന്ന്...
text_fieldsതൊടുപുഴ: പാരിസ്ഥിതിക വെല്ലുവിളിയുയർത്തി അനധികൃത മണ്ണെടുപ്പും കടത്തും വ്യാപകം. യാതൊരു നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ നിയമ സംവിധാനങ്ങളെ െവല്ലുവിളിച്ചാണ് ജില്ലയിലെ പല മേഖലകളിലും മണ്ണ് മാഫിയകളുടെ വിളയാട്ടം. അനധികൃത മണ്ണെടുപ്പിനെതിരെ ജില്ലയിൽ ശക്തമായ നടപടി സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുമ്പോൾ തന്നെ പലയിടത്തും നിർബാധം മണ്ണെടുപ്പ് തുടരുകയും ചെയ്യുന്നു. ജില്ലയിൽ അനധികൃത മണ്ണ് കടത്തിന് പൊലീസിലെയടക്കം ഉന്നതരുടെ ഒത്താശയുണ്ടെന്ന ആരോപണവും ഇതിനോടകം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കരിമണ്ണൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃത മണ്ണ് ഖനനം നടത്തിയ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ മൂന്ന് ടിപ്പർ ലോറിയും രണ്ട് മണ്ണു മാന്തിയും പിടികൂടി.
മണ്ണ് ഖനനവുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചിട്ടും മതിയായ ഇടപെടൽ നടത്താത്തതിന് കരിമണ്ണൂർ എസ്.എച്ച്.ഒയുടെ ചുമതല വഹിച്ചിരുന്ന സബ് ഇൻസ്പെക്ടർ കെ.എ. അബിയെ ഇതിന് പിന്നാലെ അടിമാലിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. കഴിഞ്ഞ മാസം 22ന് അടിമാലി വാളറക്ക് സമീപം അനധികൃതമായി മണ്ണെടുത്ത ഒമ്പത് ടിപ്പറും രണ്ട് ജെ.സി.ബിയും ഒരു ഹിറ്റാച്ചിയും ദേവികുളം സബ്കലക്ടർ പിടികൂടിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണ് ഖനനവും കടത്തുമായി ബന്ധപ്പെട്ട് പ്രത്യേക സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നതായാണ് വിവരം.
അനുമതിയുടെ മറവിലും അവധി ദിനങ്ങള് മറയാക്കിയും രാത്രിയിലുമാണ് ഭൂമാഫിയയുടെ സഹായത്തോടെ മണ്ണെടുപ്പും കടത്തും. ഒന്നരമാസത്തിനിടെ മണ്ണ് കടത്തുന്നതുമായി ബന്ധപ്പെട്ട് പാസില്ലാതെയും നിയമം ലംഘിച്ചും സഞ്ചരിച്ച 20ഓളം വാഹനങ്ങൾ തൊടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം പിടിച്ചെടുത്തിട്ടുണ്ട്. ആരെങ്കിലും പരാതിയുമായി എത്തിയാൽ അവരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്. പലരും ലഭിക്കുന്ന പാസുകൾ ദുരുപയോഗം ചെയ്താണ് മണ്ണ് കടത്തുന്നത്. നിശ്ചിത ലോഡിന് അനുമതി വാങ്ങുന്നവർ പത്തിരട്ടിവരെ മണ്ണുവരെ എടുക്കുന്ന സംഭവങ്ങളുണ്ട്.
വീട് നിർമാണത്തിന്റെ മറവിൽ അനധികൃത മണ്ണെടുപ്പ്; ഭൂവുടമക്ക് 16 ലക്ഷം പിഴ
തൊടുപുഴ: വീട് നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ നൽകിയ പാസ് ദുരുപയോഗം ചെയ്ത് അനധികൃതമായി മണ്ണെടുപ്പ് നടത്തിയ ഭൂവുടമക്ക് 16 ലക്ഷം രൂപ പിഴ. കോടിക്കുളം സ്വദേശി വാണിയകിഴക്കേൽ ജോസ് ജേക്കബിനാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് വൻ തുക പിഴ ചുമത്തിയത്. ജോസിന്റെ ഉടമസ്ഥതയിൽ കോടിക്കുളം വില്ലേജിൽ ബ്ലോക്ക് നമ്പർ ഏഴിലെ 0.00838 ഹെക്ടർ സ്ഥലത്ത് വീട് നിർമിക്കുന്നതിന് 1862 ക്യുബിക് മീറ്റർ മണ്ണ് നീക്കം ചെയ്യാൻ ജിയോളജി വകുപ്പ് ഒരു മാസത്തേക്ക് അനുമതി നൽകിയിരുന്നു.
എന്നാൽ, ഈ ഉത്തരവിന്റെ മറവിൽ വൻ തോതിൽ മണ്ണ് പുറത്തേക്ക് കടത്തുന്നതായും ഇത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നതായും പരാതി ഉയർന്നു. തുടർന്ന്, വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ 1862 ക്യുബിക് മീറ്റർ മണ്ണ് നീക്കാനുള്ള പാസ് ഉപയോഗിച്ച് 9404 ക്യുബിക് മീറ്റർ മണ്ണ് ഖനനം ചെയ്ത് നീക്കിയതായി കണ്ടെത്തി.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം തൊടുപുഴ ഡിവൈ.എസ്.പി നടത്തിയ പരിശോധനയിലും അനധികൃതമായി മണ്ണ് കടത്തിയതായി തെളിഞ്ഞു. തുടർന്നാണ് അനുമതിക്ക് വിരുദ്ധമായി ഖനനം ചെയ്ത മണ്ണിന്റെ റോയൽറ്റി, വില, കോമ്പണ്ടിങ് ഫീസായ അര ലക്ഷം രൂപ എന്നിവ ഉൾപ്പെടെ 16,01,360 രൂപ പിഴ ചുമത്തിയത്. നോട്ടീസ് കൈപ്പറ്റി ഏഴു ദിവസത്തിനകം പിഴ അടക്കാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.