വാഹനാപകടങ്ങളിൽ വർധന; റോഡിലെ നിയമ ലംഘനം, പൂട്ടിടാൻ പരിശോധന
text_fieldsതൊടുപുഴ: വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനവും തടയാനുള്ള പ്രത്യേക വാഹന പരിശോധന ജില്ലയിൽ തുടങ്ങി. സംസ്ഥാനത്ത് വാഹനാപകട മരണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ജില്ലയിലും മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി പരിശോധന ആരംഭിച്ചത്.
മൂന്ന് ദിവസത്തിനിടെ 419 കേസ് രജിസ്റ്റർ ചെയ്തു. 5,99,450 രൂപയാണ് പിഴ ചുമത്തിയത്. പരിശോധന ജനുവരി 15വരെ തുടരും. തൊടുപുഴ, അടിമാലി, കട്ടപ്പന എന്നീ മൂന്ന് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. പരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ച 11 കേസുകൾ പിടികൂടി. രജിസ്ട്രേഷനില്ലാത്ത 13 വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. ഇൻഷുറൻസില്ലാത്ത 45 കേസാണ് കണ്ടെത്തിയത്.
ഇരുചക്ര വാഹനത്തിൽ മൂന്ന് പേരുമായി സഞ്ചരിച്ച ഏഴ് വാഹനവും പിടികൂടി. എയർഹോൺ -അഞ്ച്, ടാക്സില്ലാത്തത് -ആറ്, അപകടരമായ രീതിയിൽ വാഹനമോടിച്ച അഞ്ച് കേസുകൾ എന്നിവയും ഈ ദിവസങ്ങളിൽ പിടികൂടി. ഹെൽമറ്റും സീറ്റ് ബെൽറ്റുമില്ലാത്ത സഞ്ചരിച്ച കേസുകളും പിടികൂടിയിട്ടുണ്ട്. ജില്ലയിൽ പതിവായി അപകടം സൃഷ്ടിക്കുന്ന മേഖലയിൽ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പ്രത്യേക പരിശോധനയുണ്ട്.
ജില്ലയിൽ തൊടുപുഴ വെങ്ങല്ലൂർ-കോലാനി ബൈപാസ്, വെങ്ങല്ലൂർ പ്രദേശം, നെല്ലാപ്പാറ, മുട്ടം-ശങ്കരപ്പിള്ളി ഭാഗം, മച്ചിപ്ലാവ്-അടിമാലി ഭാഗം, മൂന്നാർ-ടോപ് സ്റ്റേഷൻ മേഖല, മൂന്നാർ ടൗൺ, മുണ്ടക്കയം-കുട്ടിക്കാനം മേഖല, വെള്ളയാംകുടി-അമ്പലക്കവല ഭാഗം എന്നിവിടങ്ങളിലാണ് അപകടസാധ്യത കൂടുതൽ.
ഒരുവർഷത്തെ അപകടങ്ങൾ പഠിക്കുന്നു
പുതിയ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്താനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. മൂന്നുവര്‍ഷത്തിനിടെ 500മീറ്റര്‍ ദൂരത്തില്‍ അഞ്ച് വലിയ അപകടമോ 10 മരണമോ സംഭവിക്കുമ്പോഴാണ് സ്ഥലം ബ്ലാക്ക് സ്പോട്ടായി രേഖപ്പെടുത്തുക. ഒരുവർഷത്തെ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനം പുരോഗമിക്കുകയാണ്. അപകടങ്ങളുടെ കണക്കെടുത്ത് സ്ഥലങ്ങൾ ജി.പി.എസിൽ തിരിച്ചറിഞ്ഞ് ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
ജില്ലയിൽ അപകടങ്ങളിൽ ഗുരുതര പരിക്കുകൾ സംഭവിക്കുന്നതോ മരിക്കുന്നതോ കൂടുതലും ജില്ലക്ക് പുറത്തുനിന്നുള്ള യാത്രക്കാരാണ്. ജില്ലയുടെ ഭൂപ്രകൃതി മനസ്സിലാക്കാതെ സംഭവിക്കുന്നതാണിത്. ജില്ലയിലുള്ളവർ അപകടങ്ങളിൽ പെടാറുണ്ടെങ്കിലും മരിക്കുന്നത് കുറവാണെന്നും അധികൃതർ പറഞ്ഞു. അപകടങ്ങൾ കുറക്കാൻ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനവും ബോധവത്കരണവും ശക്തിപ്പെടുത്തുകയാണ് മോട്ടോർ വാഹനവകുപ്പ്.
സിഗ്നൽ തെറ്റിക്കൽ, അനധികൃത പാർക്കിങ്, രാത്രി ലൈറ്റ് ഡിം ആക്കാതിരിക്കുക തുടങ്ങിയ ഡ്രൈവിങ് സംസ്കാരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വാഹനബാഹുല്യമുള്ള പ്രദേശങ്ങളിലും പ്രവർത്തനം ശക്തമാക്കും. പതിവായി നിയമ ലംഘനം നടത്തുന്നവരെ നിരീക്ഷിച്ചു വരുകയാണെന്നും അവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.