ജലജന്യ രോഗങ്ങളിലും വർധന; ഇടുക്കിയിൽ ഡെങ്കിപ്പനി കേസ് 175ലേക്ക്
text_fieldsതൊടുപുഴ: മഴ കനക്കുന്നതിനിടെ ജില്ലയിൽ ഡെങ്കിപ്പനി കേസിലും വർധന. മേയ് 24 വരെയുള്ള കണക്കുകളിൽ 175 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ജലജന്യ രോഗങ്ങളിലും വർധനയാണ് ജില്ലയിൽ കാണിക്കുന്നത്. മഞ്ഞപ്പിത്തം- എട്ട്, എലിപ്പനി- ആറ്, മലേറിയ- 59 തുടങ്ങിയവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലേറിയ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർക്കാണ്. ഡെങ്കിപ്പനി കേസുകളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ വർധനയാണ് ഇത്തവണ. കഴിഞ്ഞ വർഷം മേയ് വരെ 34 പേർക്ക് മാത്രമാണ് ഇടുക്കിയിൽ ഡെങ്കിപ്പനി പിടിപെട്ടത്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഡെങ്കിപ്പനി കേസുകളിൽ വർധനയുണ്ടാകുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അന്തർസംസ്ഥാന തൊഴിലാളികളിലാണ് മലമ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. സ്വദേശത്ത് പോയി മടങ്ങിവരുന്നവർക്ക് മലമ്പനി പിടിപെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന നടത്തുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഡെങ്കിപ്പനിയും മലമ്പനിയും പരത്തുന്ന കൊതുകുകൾ പെറ്റുപെരുകാതിരിക്കാൻ ജാഗ്രത നിർദേശവും ഉറവിട നശീകരണ പ്രവർത്തനങ്ങളടക്കം ഊർജിതമാക്കാനും ജില്ല മെഡിക്കൽ ഓഫിസർ നിർദേശിച്ചിട്ടുണ്ട്.
ഡെങ്കിപ്പനി സംശയിക്കുന്നവരുടെ എണ്ണവും ഉയരുകയാണ്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ 700 പേർക്കണ് ഡെങ്കിപ്പനി സംശയിക്കുന്നത്. മാര്‍ച്ചിൽ രോഗം സംശയിക്കുന്ന 76 കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 40 എണ്ണം സ്ഥിരീകരിച്ചു. ഏപ്രിലില്‍ രോഗം സംശയിക്കുന്നവരുടെ എണ്ണം 195 ആയി ഉയര്‍ന്നു. 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍, ഈമാസം 19 വരെ രോഗം സംശയിക്കപ്പെടുന്നവരുടെ എണ്ണം 293 ആയിരുന്നു. ഇപ്പോൾ ലഭിക്കുന്ന കണക്കുകൾ പ്രകാരം കേസുകളിൽ ഇനിയും വർധനയുണ്ടാകനാണ് സാധ്യത. മഞ്ഞപ്പിത്തവും ഈ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അഞ്ചുപേര്‍ക്ക് രോഗം സംശയിച്ചതില്‍ ഒരാള്‍ക്ക് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 11 പേര്‍ക്ക് സംശയിച്ചതില്‍ രണ്ടുപേര്‍ക്കാണ് സ്ഥിരീകരണം. മാര്‍ച്ചില്‍ ഏഴുപേര്‍ക്ക് രോഗം സംശയിച്ചെങ്കിലും ഒരു കേസും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലയില്‍ അതിജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. മനോജ് പറഞ്ഞു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധതലങ്ങളില്‍ നടന്നുവരുകയാണെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.