യു.വി സൂചികയിൽ വർധന;ചുട്ടുപൊള്ളി ഇടുക്കി
text_fieldsതൊടുപുഴ: വേനൽ മഴ പെയ്തു തുടങ്ങിയെങ്കിലും ചൂടിൽ പൊള്ളുകയാണ് ജില്ല. മുൻപെങ്ങുമില്ലാത്ത വിധം വേനൽ ചൂട് ജില്ലയെ വലച്ചു തുടങ്ങിയിട്ടുണ്ട്. ഒരു കാലത്ത് വേനലിൽ തണുപ്പ് തേടി ഇടുക്കിയിലേക്ക് സഞ്ചാരികളടക്കം വന്നിരുന്ന പല സ്ഥലങ്ങളിലും ചൂട് കനക്കുകയാണ്. അൾട്രാവയലറ്റ് രശ്മികളുടെ വികിരണ തോത് (യു.വി) ജില്ലയിൽ വർധിച്ചു വരുകയാണെന്നാണ് കണക്കുകൾ.
ഈ സാഹചര്യത്തിൽ ജില്ലയിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തുന്നത് പാലക്കാട് ജില്ലയിലാണ്. കാലങ്ങളായി ഇതാണ് പതിവെങ്കിലും യു.വി രശ്മികളുടെ വികിരണ തോതിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ പാലക്കാട് ഒഴിവാകുകയും ഇടുക്കി ഉൾപ്പെടുകയും ചെയ്തു. ഇടുക്കിയിൽ അൾട്രാ വയലറ്റ് ഇൻഡക്സ് കൂടി ഉയരുന്നതായാണ് കണക്കുകൾ.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഒരാഴ്ച മുമ്പ് ജില്ലയിൽ അൾട്രാ വയലറ്റ് സൂചിക 11 ലെത്തിയിരുന്നു. അൾട്രാ വയലറ്റ് വികിരണം കൂടുതൽ ഏൽക്കുന്നത് സൂര്യാഘാതത്തിനും ചർമരോഗങ്ങൾക്കും നേത്രരോഗങ്ങൾക്കുമടക്കം ഇടയാക്കും. വ്യാഴാഴ്ച ജില്ലയിൽ സൂര്യ പ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡ്ക്സ് ഒൻപത് പോയിന്റും രേഖപ്പെടുത്തി.
യു.വി ഇൻഡക്സ് 0 മുതൽ അഞ്ച് വരെയാണെങ്കിൽ മനുഷ്യന് ഹാനികരമല്ല. 6 മുതൽ 7 വരെ യെല്ലോ അലർട്ടും 8 മുതൽ 10 വരെ ഓറഞ്ച് അലർട്ടും 11 ന് മുകളിൽ റെഡ് അലർട്ടുമാണ്. ഉയർന്ന യു.വി നിരക്ക് അനുഭവപ്പെടുന്ന പകൽ പത്തിനും വൈകിട്ട് മൂന്നിനും ഇടയിൽ സൂര്യ പ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
ടൂറിസം, കാർഷിക മേഖലകളെയും ബാധിച്ചു
തൊടുപുഴ: ജില്ലയിലെ കാർഷിക ടൂറിസം മേഖലകളെ ചൂട് കാര്യമായിത്തന്നെ ബാധിച്ചിരിക്കുകയാണ്. വേനലെത്ര കടുത്താലും എ.സി.യോ, ഫാനോ, വേണ്ടാത്ത ചിലയിടങ്ങളെങ്കിലും ഉണ്ടായിരുന്നു മലയോര മേഖലകളിൽ. അത്തരം ഇടങ്ങൾ തേടി സ്വദേശീയരും വിദേശീയരുമായ നിരവധി സഞ്ചാരികളുമെത്താറുണ്ട്. എന്നാൽ ചൂട് കൂടിയതോടെ എ.സിയും ഫാനുമൊക്കെ ഇവിടങ്ങളിലും വ്യാപകമായി.
ചൂടിന്റെ കാഠിന്യം മലയോര ജനതയെയും വിനോദ സഞ്ചാരികളെയും ഒരു പോലെ വലക്കുന്നുണ്ട്. മൂന്നാറിലും ചൂട് കനത്തു. പകലും രാത്രിയുമൊഴികെ പുറത്ത് നല്ല ചൂടാണ് അനുഭവപ്പെടുന്നത്.
ചൂട് കൂടിയതോടെ ഇടുക്കി ജില്ലയിൽ മാത്രം എ.സി, ഫാൻ കൂളർ എന്നിവയുടെ വിൽപനയിലും വലിയ വർധനയുണ്ടെന്നാണ് കണക്ക്. വിളകളെല്ലാം കരിഞ്ഞുണങ്ങി. വെള്ളം പോലും കൃത്യമായി എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പലരും കൃഷിയിടം തന്നെ ഉപേക്ഷിച്ചു കഴിഞ്ഞു. വേനൽ മഴ പലയിടങ്ങളിലും പെയ്തു തുടങ്ങിയതാണ് ഇപ്പോഴത്തെ ആശ്വാസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.