വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന; 30 കിലോ പ്ലാസ്റ്റിക് കാരിബാഗ് പിടിച്ചെടുത്തു
text_fieldsതൊടുപുഴ: നഗരസഭ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭ ഹെല്‍ത്ത് സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കണ്ടെത്താനും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കാനുമായിരുന്നു പരിശോധന. നഗരപരിധിയിലുള്ള 20 വ്യാപാര സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ 30 കിലോ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍, 60 പാക്കറ്റ് പേപ്പര്‍ കപ്പുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, റൗണ്ട് ബൗളുകള്‍, ഐസ്ക്രീം ബൗളുകള്‍ എന്നിവ പിടിച്ചെടുത്തു. വെങ്ങല്ലൂര്‍ സിഗ്നലിന് പടിഞ്ഞാറുവശത്ത് ലൈസന്‍സ് ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഇറച്ചി വ്യാപാരം നടത്തിയ കടക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്കി.
ഹോട്ടലുകള്‍, ബേക്കറികൾ, മത്സ്യം, ഇറച്ചി എന്നിവ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കൾ വില്‍ക്കുന്ന സ്ഥാപനങ്ങളിൽ ശുചിത്വം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവയില്‍ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ്, സെക്രട്ടറി ബിജുമോന് ജേക്കബ് എന്നിവര്‍ അറിയിച്ചു.
സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജോ മാത്യു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.വി. ദീപ, എന്‍.എച്ച്. പ്രജീഷ്കുമാര് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.