ആശുപത്രികളിലെ സുരക്ഷ ഇടുക്കി ജില്ലയിൽ പരിശോധന
text_fieldsതൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജ് അടക്കം ജില്ലയിലെ പ്രധാനപ്പെട്ട ആറ് ആശുപത്രികളില്‍ സുരക്ഷാ പരിശോധന നടക്കും. ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താനും മെച്ചപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് പരിശോധന. ഈമാസം 12നകം സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കും. ജില്ല ഭരണകൂടം, പൊലീസ്, ഫയര്‍ ആൻഡ് റെസ്ക്യു വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന ആരോഗ്യസ്ഥാപനങ്ങളിലെ സുരക്ഷാ ഓഡിറ്റുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ല മെഡിക്കല്‍ ഓഫിസര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, ഡിവൈ.എസ്.പിമാര്‍, ഫയര്‍ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജ്, തൊടുപുഴ ജില്ല ആശുപത്രി, നെടുങ്കണ്ടം, അടിമാലി, പീരുമേട്, കട്ടപ്പന താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളാണ് വിലയിരുത്തിയത്.
സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കുന്നതിന് തൊടുപുഴ ജില്ല ആശുപത്രിയില്‍ ജൂണ്‍ 12നും അടിമാലി, നെടുങ്കണ്ടം, പീരുമേട്, കട്ടപ്പന താലൂക്ക് ആശുപത്രികളില്‍ എട്ട്, ഒമ്പത് തീയതികളിലും പൊലീസ്, ഫയര്‍ ആൻഡ് റെസ്ക്യു വിഭാഗം എന്നിവയുടെ സംയുക്ത പരിശോധന നടക്കും.
തുടര്‍ന്ന് 15ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഡി.എം.ഒ ഡോ. മനോജ്, ഡോ. അനൂപ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ്, ഡിവൈ.എസ്.പിമാരായ ബിനു ശ്രീധര്‍, കുര്യാക്കോസ്.ജെ, എം.ആര്. മധു ബാബു, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.