ഇടവെട്ടി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട്; തുക തിരിച്ചടക്കാൻ ഉത്തരവ്
text_fieldsതൊടുപുഴ: ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട്. 2020-21 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കാതെ വാങ്ങിയ 24 പദ്ധതികളുടെ തുക തിരികെ അടക്കാൻ ഉത്തരവ്. ഈ പദ്ധതികളിലായി ചെലവഴിച്ച 3,81,130 രൂപ അന്നത്തെ നിർവഹണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാനാണ് ജില്ല കലക്ടറുടെ നിർദേശം.
സോഷ്യൽ ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിൽ 2022-23 സാമ്പത്തിക വർഷത്തെ സോഷ്യൽ ഓഡിറ്റിൽ ഇടവെട്ടി പഞ്ചായത്തിൽ 24 പ്രവൃത്തികൾ ക്ലോസ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. മാർച്ച് 2024 ൽ പ്രവൃത്തികൾ പുനർ നിർമിച്ച് നടപടി കൈക്കൊള്ളുമെന്ന് അറിയിച്ചിരുന്നെങ്കിലും നാളിതുവരെ പ്രവൃത്തികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രോഗ്രാം ഓഫിസർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന മിഷന്റെ അക്കൗണ്ടിൽ തുക ഒടുക്കണമെന്നും അക്കാര്യം അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു. പണം തിരിച്ചടക്കണമെന്ന ഉത്തരവ് വന്നതോടെ നിർവഹണ ഉദ്യോഗസ്ഥനായ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയെയും പ്രസിഡന്റിനെയും സംരക്ഷിക്കുന്നതിന് തൊഴിലുറപ്പ് വിഭാഗത്തിലെ കരാർ ജീവനക്കാരെ ബലിയാടാക്കാനാണ് ഭരണ സമിതി നീക്കം നടത്തുന്നതെന്ന് എൽ.ഡി.എഫ് ഇടവെട്ടി പഞ്ചായത്ത് കൺവീനർ ടി.എം മുജീബ് അറിയിച്ചു.
പഞ്ചായത്തിന് ബാധ്യതയായ മുഴുവൻ തുകയും ഉത്തരവാദികളായവരിൽ നിന്നും ഈടാക്കാതെ നിരപരാധികളായ കരാർ ജീവനക്കാരെ പഴിചാരി കുറ്റക്കാരെ ര ക്ഷിക്കാൻ ഭരണ സമിതി നീക്കം നടത്തുകയാണ്. ഇതിനെതിരെ എൽ.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ടി.എം. മുജീബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.