ഭവന സന്ദര്‍ശനവും ബോധവത്കരണവുമായി ജനമൈത്രി സുരക്ഷ പദ്ധതി
text_fieldsതൊടുപുഴ: ജില്ലയിലെ 30 സ്റ്റേഷൻ പരിധികളിൽ ഭവന സന്ദര്‍ശനവും ബീറ്റ് ഡ്യൂട്ടിയും ബോധവത്കരണ ക്ലാസുകളുമായി ജനമൈത്രി സുരക്ഷ പദ്ധതി. കേരള പൊലീസിന്റെ കമ്യൂണിറ്റി പൊലീസിങ് പദ്ധതിയാണ് ജനമൈത്രി സുരക്ഷ പദ്ധതി.
ജില്ലയിലെ 30 പൊലീസ് സ്റ്റേഷനുകളില്‍ ജില്ല നോഡല്‍ ഓഫിസറായ അഡീഷനല്‍ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പൊലീസ് സ്റ്റേഷനിലും രണ്ട് ജനമൈത്രി ബീറ്റ് ഓഫിസര്‍മാരെ വീതം നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍തല ജാഗ്രത സമിതി മീറ്റിങ്ങുകളും നടക്കുന്നുണ്ട്.
ജില്ലയിലെ മുമ്പ് ഉണ്ടായിരുന്ന ബീറ്റ് ഡ്യൂട്ടി സിസ്റ്റം പരിഷ്കരിച്ച് എം -ബീറ്റ് എന്ന മൊബൈല്‍ അപ്ലിക്കേഷനുപകരം പുതിയ officer.apk എന്ന ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ വഴിയാണ് ബീറ്റ് ഡ്യൂട്ടി നടക്കുന്നത്. ഓരോ പൊലീസ് സ്റ്റേഷന്റെയും അതിര്‍ത്തികള്‍ അടയാളപ്പെടുത്തിയതിനു ശേഷമുള്ള ഒരു ഡ്യൂട്ടി രേഖപ്പെടുത്തല്‍ രീതിയാണിത്. ജില്ലയിലെ അന്തർസംസ്ഥാന തൊഴിലാളികളുടെ മേല്‍വിലാസവും വിശദാംശങ്ങളും ജനമൈത്രി ബീറ്റ് ഓഫിസര്‍മാര്‍ മുഖേന ശേഖരിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് ഈ അപ്ലിക്കേഷനിലൂടെയാണ്.
വാർധക്യസഹജമായ അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന പൗരന്മാര്ക്ക് സുരക്ഷിതത്വം നല്‍കുന്നതിനായി പ്രശാന്തി സീനിയര്‍ സിറ്റിസണ്‍ ഹെൽപ് ടെസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ജനമൈത്രി പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവിടങ്ങളില്‍ ബീറ്റ് ഓഫിസര്‍മാരെ സഹായിക്കുന്നതിനുമായി ജില്ലയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ നാല് പിങ്ക് പ്രൊട്ടക്ഷന്‍ വനിത പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
ജില്ലയില്‍ വുമണ്‍ സെല്‍ഫ് ഡിഫന്‍സ് ട്രെയിനിങ് ടീമില്‍ പരിശീലനം ലഭിച്ച നാല് പൊലീസ് ഉദ്യോഗസ്ഥരെ ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇടുക്കിയില്‍ നിയമിക്കുകയും അതിന്റെ ഭാഗമായി 59227 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും 9027 കോളജ് വിദ്യാര്‍ഥികള്‍ക്കും മറ്റ് വിഭാഗങ്ങളിലായി 14,559 സ്ത്രീകള്‍ക്കുമായി മൊത്തം 83031 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുമുണ്ട്.
ജനമൈത്രി പൊലീസ് മികച്ച നേട്ടം കൈവരിച്ചു –മന്ത്രി റോഷി അഗസ്റ്റിന്
തൊടുപുഴ: ജില്ലയില്‍ ജനമൈത്രി പൊലീസ് കൈവരിച്ച നേട്ടങ്ങള്‍ മികച്ചതെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്.ജനമൈത്രി ജില്ലതല ഉപദേശകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എം.എം. മണി, വാഴൂര്‍ സോമന്, എ. രാജ, നാര്‍കോട്ടിക് ഡിവൈ.എസ്.പി പയസ് ജോര്‍ജ്, ജില്ല ശുചിത്വമിഷന് അസി. ഡയറക്ടര്‍ ഭാഗ്യരാജ്, ജില്ല കുടുംബശ്രീ മിഷന് കോ ഓഡിനേറ്റര്‍ സി.ആര്. മിനി, ജില്ല വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സണ്ണി പൈമ്പിളി, ജില്ല തദ്ദേശ സ്വയംഭരണ സ്ഥാപന ജോയന്റ് ഡയറക്ടര്‍ ജെ.എസ്. ജ്യോതിലക്ഷ്മി, വിവിധ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.