പരിമിതികൾ മറികടന്ന് ജോസിന്റെ മിന്നും വിജയം
text_fieldsതൊടുപുഴ: പരിമിതികൾക്ക് മുന്നിൽ പതറാതെ എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ചിരിക്കുകയാണ് ജോസിൻ സി. സജി.
80 ശതമാനം സെറിബ്രൽപാൾസി ബാധിതനാണെങ്കിലും ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ഈ കൊച്ചുമിടുക്കന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ ആദ്യ ചുവടുവെപ്പാണ് ഈ വിജയം.
എസ്.എസ്.എൽ.സി പരീക്ഷയിൽ എട്ട് എ-പ്ലസും ഒരു എയും ഒരു സി-പ്ലസുമാണ് ജോസിൻ നേടിയത്. വീട്ടുകാരുടെയും അധ്യാപകരുടെയും ശക്തമായ പിന്തുണയും കരുതലുമാണ് ജോസിന്റെ വിജയത്തിന് പിന്നിൽ.
മകന്റെ പോരായ്മകളിൽ തളർന്നുപോകാതെ താങ്ങും തണലുമായി അവന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും വളർത്തിയെടുക്കാനും മാത്രമായി രാവിലെ മുതൽ വൈകീട്ട് വരെ സ്കൂളിൽ സമയം ചെലവഴിക്കുന്ന ജോസിന്റെ അമ്മ ഷൈനി, എല്ലാ മാതാപിതാക്കൾക്കും മാതൃകയാണ്. അറക്കുളം ബി.ആർ.സി പരിധിയിലെ തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂളിൽ പരീക്ഷ എഴുതിയാണ് ജോസിൻ തിളക്കമാർന്ന നേട്ടം കൈവരിച്ചത്. അറക്കുളം ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പഠനസഹായങ്ങൾ നൽകുന്നുണ്ട്. സ്പെഷൽ അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. മുട്ടം എടപ്പള്ളി ചുക്കനാനിക്കൽ സജിയുടെയും ഷൈനിയുടെയും മകനാണ് ജോസിൻ. മുത്തശ്ശി ഗ്രേസിയും സഹോദരി ജോസ്മിയും എല്ലാ പിന്തുണയുമായി ജോസിനൊപ്പമുണ്ട്. അനിമേഷൻ മേഖലയിൽ വിസ്മയം തീർക്കാനാണ് ജോസിന്റെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.