മിണ്ടാപ്രാണികൾക്ക് സ്നേഹത്തിന്‍റെ കരുതലാണിവർ
text_fieldsതൊടുപുഴ: ഒരു നായ്ക്കുട്ടിയോ പൂച്ചയോ അനാഥമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ടാൽ, മുറിവേറ്റ് വേദനിച്ചാൽ കീർത്തിദാസിനും സുഹൃത്ത് മഞ്ജുവിനും ഉള്ളം പിടയും. ഇവരുടെ സ്നേഹത്തിന്‍റെ കരുതലും കരങ്ങളുമാണ് പിന്നീട് അവക്ക് ആശ്രയം. അങ്ങനെ തെരുവിൽനിന്ന് കണ്ടെടുത്ത് ഇപ്പോൾ ഇവർ പരിപാലിക്കുന്നത് അമ്പതോളം നായ്ക്കളെയാണ്. പൂച്ചകൾ വേറെ. വെള്ളിയാമറ്റം പഞ്ചായത്തിലെ വെട്ടിമറ്റം തേൻമാരി ഭാഗത്ത് വാടകവീട്ടിലാണ് കീർത്തിദാസ് താമസിക്കുന്നത്. സ്വന്തമായി വീടില്ലെങ്കിലും പക്ഷിമൃഗാദികൾക്ക് ഇവിടെ അഭയകേന്ദ്രമുണ്ട്. വീടിനു പിന്നിലായി പ്രത്യേകം കൂടുകൾ സ്ഥാപിച്ചിരിക്കുന്നു.
തൊടുപുഴ കോലാനി മുണ്ടുകാട്ടിൽ ബാലകൃഷ്‌ണന്റെയും ശാന്തമ്മയുടെയും മകളായ മഞ്ജുവിനൊപ്പം കീർത്തിദാസ് മൃഗങ്ങളുടെയും പക്ഷികളുടെയും പരിപാലനം തുടങ്ങിയിട്ട് 12 വർഷത്തോളമായി. വിവിധ പേരിട്ട് വിളിക്കുന്ന 15 കുഞ്ഞുങ്ങളടക്കം അമ്പതോളം നായ്ക്കൾ ഇന്ന് ഇവരുടെ സംരക്ഷണയിലാണ്. പൂച്ചകളുമുണ്ട് പത്തിലേറെ. ജീവികളുടെ മരുന്നും പരിപാലനവും ഭക്ഷണവുമെല്ലാം ചെലവേറിയതാണെങ്കിലും കീർത്തിദാസും മഞ്ജുവും അവയെ കൈയൊഴിയാറില്ല. സർക്കാറിൽനിന്നോ മറ്റ് ഏജൻസികളിൽനിന്നോ സഹായമില്ല.
ദിവസവും 10 കിലോ അരിയുടെ ചോറ് വേണം. ഇറച്ചിയോ മീനോ വേറെയും. നാട്ടുകാരും ചില അഭ്യുദയകാംക്ഷികളും അരി സൗജന്യമായി നൽകും. ‘ഇടുക്കി സേവ് ദ അനിമൽ’ സംഘടനയിലെ അംഗങ്ങളുടെ സഹായവുമുണ്ട്. സാമൂഹികക്ഷേമ വകുപ്പിൽ ജീവനക്കാരിയായ അമ്മ രാധ മകന്‍റെ പക്ഷിമൃഗ പരിപാലനത്തിന് സഹായവുമായി കൂടെയുണ്ട്. ‘സേവ് ദ അനിമൽ’ സംഘടനയിൽ കീർത്തിദാസും മഞ്ജുവുമടക്കം 34 അംഗങ്ങളുണ്ട്. അവരിൽ നായ് പിടിത്തത്തിന് ലൈസൻസുള്ളത് ഇവർ രണ്ടുപേർക്ക് മാത്രം. ജില്ലയിൽ ഈ ലൈസൻസുള്ള ഏക വനിതയും മഞ്ജുവാണ്.
നായ് പിടിത്തത്തിനിടെ ഇരുവർക്കും പലതവണ പേപ്പട്ടിയുടെയടക്കം കടിയേറ്റിട്ടുണ്ട്. തെരുവിൽനിന്ന് കിട്ടുന്ന നായ്ക്കളെ പരിചരിച്ച് ആരോഗ്യമുള്ളവയാക്കി തെരുവിൽതന്നെ വിടും. നല്ലയിനം നായ്‌ക്കളെ ചോദിച്ചെത്തുന്നവർക്ക് സൗജന്യമായും നൽകും. ജില്ലയിലെ മികച്ച മൃഗസംരക്ഷണ പരിപാലന അവാർഡ് അടുത്തിടെ മഞ്ജുവിന് ലഭിച്ചിരുന്നു. മൃഗപരിപാലനം കഴിഞ്ഞ് കീർത്തിദാസിന് പലപ്പോഴും കൂലിപ്പണിക്ക് പോകാൻ കഴിയാറില്ല. ഹൃദയസംബന്ധമായ രോഗവും ആസ്‌ത്മയുമുള്ള മഞ്ജുവിന് ചികിത്സക്ക് നല്ലൊരു തുക വേണം. എങ്കിലും സ്വന്തം പ്രാരബ്ധങ്ങൾ മറന്ന് ഇവർ ആരോരുമില്ലാത്ത നായ്ക്കൾക്കും പൂച്ചകൾക്കുമായി ജീവിതം മാറ്റിവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.