കേരളം ദിവസവും കുടിക്കുന്നത് 40 ലക്ഷം ലിറ്റർ കുപ്പിവെള്ളം
text_fieldsതൊടുപുഴ: ചുട്ടുപൊള്ളുന്ന വേനലിൽ പ്രതിദിനം കേരളത്തിൽ വിറ്റഴിയുന്നത് ഏകദേശം 40 ലക്ഷം ലിറ്റർ കുപ്പിവെള്ളം. കഴിഞ്ഞ രണ്ടുവർഷം കോവിഡ് പ്രതിസന്ധിയിൽ അത്ര സജീവമല്ലാതിരുന്ന കുപ്പിവെള്ള വിപണിയിൽ ഇത്തവണ വിൽപന കുതിച്ചുയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കേരളത്തിൽ 600ലധികം കുപ്പിവെള്ള നിർമാണ യൂനിറ്റുകൾ പ്രവർത്തിക്കുന്നതായാണ് കണക്ക്. ഇവയിൽ 250ഓളം യൂനിറ്റുകൾക്ക് മാത്രമേ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്‍റേർഡിന്‍റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും അനുമതിയുള്ളൂ. രണ്ടുവർഷം മുമ്പുവരെ അംഗീകൃത യൂനിറ്റുകൾ നൂറ്റിയമ്പതോളം മാത്രമായിരുന്നു.
കുപ്പികളിലും ജാറുകളിലുമായി ഒരുദിവസം ശരാശരി വിൽക്കുന്ന കുടിവെള്ളത്തിന്‍റെ ഏകദേശ കണക്കാണ് 40 ലക്ഷം ലിറ്റർ. ടാങ്കർ ലോറികളിലെയും മറ്റും വിൽപനകൂടി ഉൾപ്പെടുത്തിയാൽ അളവ് ഇനിയും ഉയരും.
കുപ്പിവെള്ളവില 13 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തെങ്കിലും 13 രൂപക്കും 20 രൂപക്കും വിൽക്കുന്ന കമ്പനികളുണ്ട്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കുപ്പിവെള്ളം ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്. ഓരോ ജില്ലയിലും പ്രതിദിനം മൂന്നുലക്ഷം ലിറ്ററിലധികമാണ് ശരാശരി വിൽപന.
പതിനായിരത്തിലധികം തൊഴിലാളികൾ കുപ്പിവെള്ള നിർമാണമേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു. തമിഴ്നാട്ടിലെ കമ്പനികളും കേരളത്തിലെ കുപ്പിവെള്ള വിപണിയിൽ ചുവട് ഉറപ്പിച്ചിട്ടുണ്ട്. ചില ബഹുരാഷ്ട്ര കമ്പനികൾ കേരളത്തിലെ അംഗീകൃത കമ്പനികളെ ഉപയോഗിച്ചാണ് കുപ്പികളിൽ വെള്ളം നിറച്ച് വിപണിയിൽ എത്തിക്കുന്നത്. അനധികൃത കമ്പനികൾക്കെതിരെ മറ്റ് കമ്പനികൾ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അടക്കം സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
അതേസമയം, കുപ്പിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാൻ നിരന്തരം പരിശോധന നടത്തിവരുന്നുണ്ടെന്നും മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടി എടുക്കുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷാ ജോയന്‍റ് കമീഷണർ എം. മോനി പറഞ്ഞു. അംഗീകാരമില്ലാത്ത കുപ്പിവെള്ള കമ്പനികളെ കണ്ടെത്തി സ്റ്റോപ് മെമ്മോ നൽകാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.