സ്കൂട്ടറില്‍ ലോകം ചുറ്റുന്ന ഇലാരിയോ വെസ്പാന്‍ഡ മറയൂരില്‍
text_fieldsമറയൂർ: ആറു വര്‍ഷമായി തന്റെ വെസ്പ സ്കൂട്ടറില്‍ ലോകം ചുറ്റുന്ന ഇറ്റലിയിലെ മിലാന് സ്വദേശി ഇലാരിയോ വെസ്പാന്‍ഡ (33) വ്യാഴാഴ്ച രാവിലെ മറയൂരിലെത്തി. 2017ല്‍ ജനുവരിയിലാണ് ഇറ്റലിയിലെ മിലാനില്‍നിന്ന് യാത്ര ആരംഭിച്ചത്.
ഫ്രാന്‍സ്, ജർമനി, നോര്‍വെ, സ്വീഡന് എന്നീ രാജ്യങ്ങളും നാല്പതോളം ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയും സന്ദർശിച്ചശേഷം പാകിസ്താന്‍വഴി കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയില്‍ എത്തിയത്.
1968 മോഡല്‍ വെസ്പ സ്കൂട്ടറില്‍ ഇതുവരെ 100 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തോളം കിലോമീറ്റര്‍ സഞ്ചരിച്ചതായി വെസ്പാന്‍ഡ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മറയൂരിലെത്തിയ വെസ്പാന്‍ഡ മറയൂര്‍ സെന്റ് മേരീസ് പള്ളിയിൽ കുര്‍ബാനയിൽ പങ്കെടുത്ത് ഇടവക വികാരി ഫാ. ജോസ് മാനുവല്‍ കൈതക്കുഴിയുമായും തുടർന്ന് കാന്തല്ലൂര്‍ ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ച് വികാരി ഫാ. വിക്ടര്‍ ജോര്‍ജറ്റ് മേജറുമായും ആശയ വിനിമയം നടത്തി.
ഇറ്റലിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മിലാനിലെ തന്റെ ടൂറിസ്റ്റ് ഹോമില്‍നിന്ന് കിട്ടുന്ന വരുമാനം പ്രയോജനപ്പെടുത്തിയാണ് ലോക സഞ്ചാരം.
10 വര്‍ഷംകൊണ്ട് ലോകത്തെ മുഴുവന്‍ രാജ്യങ്ങളും സന്ദര്‍ശിക്കണമെന്നും അവിടുത്തെ തനത് ഭക്ഷണങ്ങളുടെ രുചി ആസ്വദിക്കണമെന്നുമാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ രാജ്യങ്ങളില്‍ കടന്ന് ചെല്ലുമ്പോള്‍ ആ രാജ്യത്തിന്റെ പേര് സ്കൂട്ടറിന്റെ വശത്ത് കുറിച്ച് വെക്കും. സ്കൂട്ടറാണ് കഴിഞ്ഞ ആറു വര്‍ഷമായി കുടുംബവും ഭാര്യയും കാമുകിയുമെല്ലാമെന്നും വെസ്പാൻഡ പറയുന്നു. എല്ലാവരെയും കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷമുണ്ടെന്നും ഇതുവരെയുള്ള യാത്രയില്‍ കോവിഡ് കാലത്ത് ഒഴിച്ചാല്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും വെസ്പാൻഡ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.