കർഷകരെ ചേർത്തുപിടിച്ച് ‘ക്ഷീര സാന്ത്വനം’
text_fieldsതൊടുപുഴ: കർഷകരെ ചേർത്തുപിടിച്ച് ‘ക്ഷീര സാന്ത്വനം’ ഇൻഷുറൻസ് പദ്ധതി. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീരകർഷക ക്ഷേമനിധി ബോർഡാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 56,97,258 രൂപയാണ് ജില്ലയിലെ ക്ഷീര കർഷകർക്ക് ക്ലെയിം ലഭിച്ചത്.
എന്താണീ പദ്ധതി?
ചികിത്സാ ചെലവ് താങ്ങാനാവാതെ പശുക്കളെ വിൽക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ രൂപകൽപ്പന ചെയ്തതാണ് ക്ഷീര സാന്ത്വനം ഇൻഷുറൻസ് പദ്ധതി. 80 വയസ്സുവരെയുള്ള ഏതൊരു ക്ഷീരകർഷകനും പദ്ധതിയിൽ ചേരാം. ക്ഷേമനിധി ബോർഡിൽ അംഗത്വമില്ലാത്തവർക്കും പരിരക്ഷ ഉറപ്പാക്കാം. ആരോഗ്യസുരക്ഷ, അപകട സുരക്ഷ, ലൈഫ് ഇൻഷുറൻസ് എന്നിവയാണ് പദ്ധതിയിലുള്ളത്.
രണ്ടുലക്ഷം രൂപ വരെയാണ് ആശുപത്രി ചികിത്സക്ക് പരിരക്ഷ. നിലവിൽ അസുഖമുള്ളവർക്കുള്ള ചികിത്സാ ധനസഹായം 50,000 രൂപ. 60 വയസ്സുവരെ സ്വാഭാവിക മരണത്തിന് ഒരുലക്ഷം രൂപ നോമിനിക്ക് ലഭിക്കും. അപകട മരണങ്ങൾക്കും സ്ഥായിയായ അംഗവൈകല്യത്തിനും ഏഴുലക്ഷം രൂപവരെയാണ് പരിരക്ഷ. ഇതിന് പുറമേ മരണപ്പെട്ടയാളുടെ രണ്ട് കുട്ടികൾക്ക് 50,000 രൂപവരെ വിദ്യാഭ്യാസ ധനസഹായവും ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ കാഷ്ലെസായും മറ്റിടങ്ങളിൽ റീ ഇമ്പേഴ്സ്മെന്റായും ക്ലെയിം ലഭിക്കും.
അതിർത്തി ജില്ലയായതിനാൽ തമിഴ്നാട്ടിലെ ആശുപത്രികളെയും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഡിസ്ചാർജായാൽ രണ്ടുമാസം വരെ തുടർ ചികിത്സക്കും പദ്ധതി സേവനമുണ്ടാകും. ആദ്യം ചേരുന്ന 18,200 പേർക്കാണ് സർക്കാർ സബ്സിഡി വിഹിതം കിട്ടുക. 3175 രൂപയാണ് പ്രീമിയത്തിൽ സർക്കാർ ഇളവ്. 18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് സബ്സിഡിക്ക് ശേഷം 3815 രൂപയാണ് പ്രീമിയം.
ജീവിതപങ്കാളിയെ ഉൾപ്പെടുത്താൻ 4800 രൂപയും ഒരുകുട്ടിക്ക് 2600 രൂപയുമാകും. 60 മുതൽ 80 വരെ പ്രായമുള്ളവർക്ക് 3479 രൂപയും. സംഘം ജീവനക്കാർക്കും പദ്ധതിയിൽ ചേരാം. ഇവർക്ക് സബ്സിഡി ലഭിക്കില്ല.
ആകെ 220 അപേക്ഷകൾ വന്നു. ഇതിൽ 11 അപേക്ഷകളിലൊഴികെ മറ്റെല്ലാവർക്കും പരിരക്ഷ ലഭ്യമായെന്ന് അധികൃതർ പറഞ്ഞു. 144 ക്ലെയിമുകൾ കാഷ്ലെസായി നൽകി. സ്വാഭാവിക മരണമുണ്ടായ രണ്ടുപേരുടെ നോമിനികൾക്ക് ഓരോലക്ഷം രൂപവീതം ലഭിച്ചു. ഈ വർഷം ഇതുവരെ 225ഓളം പേർ പദ്ധതിയുടെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.