കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര; സെഞ്ച്വറിയടിച്ച് ബജറ്റ് ടൂറിസം ട്രിപ്
text_fieldsതൊടുപുഴ: നൂറടിച്ച് തൊടുപുഴയിൽനിന്നുള്ള കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം ട്രിപ്പുകൾ. ഒന്നര വർഷം മുമ്പ്, ആരംഭിച്ച ആന വണ്ടിയിലെ ഉല്ലാസയാത്രയാണ് നൂറാമത്തെ ട്രിപ് ഞായറാഴ്ച നടത്തിയത്. ജില്ലയിലെയും സമീപത്തെയും വിനോദ സഞ്ചാര കേന്ദ്രങ്ങളായ മലങ്കര ഡാം, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിലേക്കാണ് ‘മുറ്റത്തെ മുല്ലതേടി ഒരു യാത്ര’ എന്ന പേരിൽ ഞായറാഴ്ച രാവിലെ എട്ടിന് തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് സഞ്ചാരികളുമായി യാത്ര തിരിച്ചത്.
ഇതുവരെ 4500 പേർ തൊടുപുഴയിൽനിന്ന് ബജറ്റ് ട്രിപ്പിലൂടെ വിവിധ ഇടങ്ങൾ സന്ദർശിച്ചു. 30 ലക്ഷത്തോളം രൂപയുടെ വരുമാനം ഇതിലൂടെ ഡിപ്പോ നേടി. കുറഞ്ഞ ചെലവിൽ വിനോദയാത്ര നടത്താമെന്ന പ്രത്യേകതയാണ് സഞ്ചാരികളെ ബജറ്റ് ടൂറിസത്തിലേക്ക് ആകർഷിച്ചത്. 2022 ജൂലൈ പത്തിന് വാഗമൺ യാത്രയിലൂടെയാണ് തൊടുപുഴയിലെ ബജറ്റ് ടൂറിസം സെല്ലിന്റെ പ്രവർത്തനം തുടങ്ങിയത്. ആദ്യയാത്ര തന്നെ ഹിറ്റായി. നല്ല അഭിപ്രായം കേട്ടതോടെ കൂടുതൽ പേർ അന്വേഷിച്ചെത്തി.
ഇതോടെ പല സ്ഥലങ്ങളിലേക്ക് ട്രിപ്പുകൾ വ്യാപിപ്പിച്ചു. മാർച്ച് എട്ട് വനിതദിനവും ട്രിപ്പടിച്ച് ആഘോഷമാക്കാൻ ബജറ്റ് സെൽ തീരുമാനിച്ചിട്ടുണ്ട്. വനിതകൾക്ക് മാത്രമായി ഒരു ഉല്ലാസയാത്ര വണ്ടർലായിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. വനിത ജീവനക്കാരായിരിക്കും ബസിൽ ഉണ്ടാകുക. രാവിലെ 7.30ന് തൊടുപുഴയിൽനിന്നാണ് പുറപ്പെടുന്നത്. സാധാരണ ദിവസങ്ങളിൽ ഉള്ളതിന്റെ 50 ശതമാനം ഇളവ് ഈ പ്രോഗ്രാമിന് നൽകുന്നു എന്ന പ്രത്യേകതയുണ്ട്.
1255 രൂപയാണ് ചാർജ്. ഭക്ഷണം ഉൾപ്പെടുന്നതല്ല. ബുക്കിങ് രാവിലെ 9.30 മുതൽ 4.30വരെ ഡിപ്പോയിൽ നടത്താം. ആധാർ കാർഡ് കൊണ്ടുവരണം. ഫോൺ: 8304889896, 9605192092, 9744910383 ഡിപ്പോയിൽനിന്നുള്ള യാത്രകളുടെ വിവരം. പുറപ്പെടുന്ന സമയവും മറ്റ് വിവരങ്ങൾക്കും ഡിപ്പോയുമായി ബന്ധപ്പെടണം.
പുറപ്പെടുന്ന റൂട്ടുകൾ -നിരക്ക്
* അതിരപ്പള്ളി-വാഴച്ചാൽ-മലക്കപ്പാറ 660
* മൂന്നാർ-ചതുരംഗപ്പാറ (ഗ്യാപ്പ് റോഡ്, ആനയിറങ്കൽ വഴി) 660
* മറയൂർ-കാന്തല്ലൂർ 660
* മൂന്നാർ-വട്ടവട 660
* ഇടുക്കി ഡാം-അഞ്ചുരുളി-വാഗമൺ 450
* വയനാട്-സുൽത്താൻബത്തേരി
* മുത്തങ്ങ 1250
* ഗവി(പത്തനംതിട്ട വഴി (ബോട്ടിങ്, ഭക്ഷണം ഉൾപ്പെടെ) 1850
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.