തൊടുപുഴയിലെ കെ.എസ്.ആർ.ടി.സി ടിക്കറ്റ് കൗണ്ടർ പൂട്ടി; ടിക്കറ്റ് റിസർവേഷൻ കൗണ്ടർ ഇല്ലാത്ത ജില്ലയായി ഇടുക്കി
text_fieldsതൊടുപുഴ: സാധാരണ യാത്രക്കാരെ വെട്ടിലാക്കി കെ.എസ്.ആർ.ടി.സി ഇടുക്കി ജില്ല ആസ്ഥാനമായ തൊപുഴയിലെ ടിക്കറ്റ് ബുക്കിങ് കേന്ദ്രം അടച്ചുപൂട്ടിയ നടപടി പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്തെ 26 ബസ് ഡിപ്പോകളിൽ പ്രവർത്തിച്ചിരുന്ന ടിക്കറ്റ് കൗണ്ടറുകൾ അടച്ചുപൂട്ടാനാണ് കഴിഞ്ഞ മാർച്ച് 20ന് കെ.എസ്.ആർ.ടി.സി ഉത്തരവ് പുറപ്പെടുവിച്ചത്. മാസം 500ൽ താഴെ ടിക്കറ്റുകൾ മാത്രമേ റിസർവ് ചെയ്യുന്നുള്ളൂ എന്ന കാരണത്താലാണ് അടച്ചുപൂട്ടാൻ ഡെപ്യൂട്ടി ജനറൽ മാനേജർ ഉത്തരവിറക്കിയത്.
തൊടുപുഴക്കു പുറമെ മൂന്നാർ, കട്ടപ്പന, കുമളി എന്നിവിടങ്ങളിലെ കൗണ്ടറുകളും അടച്ചുപൂട്ടിയിരുന്നു. ഇതോടെ കൗണ്ടർ ബുക്കിങ് സംവിധാനം ഇടുക്കി ജില്ലയിൽ പൂർണമായും ഇല്ലാതെയായി. പകരം, ആപ്പിലൂടെയോ ഓൺലൈനിലൂടെയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ജില്ല ഹെഡ്ക്വാർട്ടേഴ്സ് ആയ തൊടുപുഴയിലെ കൗണ്ടറെങ്കിലും നിലനിർത്തുമെന്നായിരുന്നു കരുതിയിരുന്നത്. ആപ്പിലൂടെയോ ഓൺലൈൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാത്ത സാധാരണക്കാരാണ് കൗണ്ടർ ബുക്കിങ്ങിനെ ആശ്രയിച്ചിരുന്നത്. ജില്ല ആസ്ഥാനം എന്ന പരിഗണനയിലെങ്കിലും കൗണ്ടർ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ല ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു. അതേസമയം, നാടുനീളെ സ്വകാര്യവ്യക്തികൾ നടത്തുന്ന ഓൺലൈൻ റിസർവേഷൻ സംവിധാനത്തെയും സ്വകാര്യ ആപ്പുകളെയും സഹായിക്കാനാണ് ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ അടച്ചുപൂട്ടിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.