ഇടമലക്കുടിയില്‍ 100 കുടുംബത്തിന് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീ
text_fieldsതൊടുപുഴ: ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ നൂറു കുടുംബത്തിന് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീ ഊരുസംഗമത്തില്‍ തീരുമാനം. വിവിധ കുടികളില്‍നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്ത ഊരുസംഗമം ഇടമലക്കുടിയുടെ പ്രധാന കാര്‍ഷിക ഉൽപന്നങ്ങളായ കരുമുളകിന്റെയും ഏലത്തിന്റെയും ബ്രാന്‍ഡിങ് അടക്കമുള്ള പുതിയ സംരംഭങ്ങളെക്കുറിച്ചുള്ള ചര്ച്ചകൊണ്ടും ശ്രദ്ധേയമായി.
അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഉപജീവനം ലക്ഷ്യമിട്ട് കുടുംബശ്രീ ആവിഷ്കരിച്ച കെ-ലിഫ്റ്റ് (കുടുംബശ്രീ ലൈവ്ലി ഹുഡ് ഇനിഷ്യേറ്റിവ് ഫോര്‍ ട്രാന്സ്ഫര്മേഷന്) പദ്ധതിയുടെ ഭാഗമായാണ് കാനന പഞ്ചായത്തിലെ നൂറ് അംഗങ്ങള്‍ക്ക് വരുമാനമാര്‍ഗം ഉറപ്പാക്കാന്‍ തീരുമാനിച്ചത്.
മൃഗസംരക്ഷണം, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍, തയ്യല്‍ യൂനിറ്റ്, പെട്ടിക്കട, മുള ഉൽപന്നങ്ങള്, വനവിഭവങ്ങളുടെ ശേഖരണവും വിപണനവും തുടങ്ങിയ മേഖലകളിലാണ് പഞ്ചായത്ത് നിവാസികള്‍ക്ക് തൊഴിലൊരുക്കുന്നത്. വിവിധ സംരംഭങ്ങൾ തുടങ്ങാൻ ലഭിച്ച അപേക്ഷകൾ പരിഗണിച്ച് എത്രയും വേഗം പദ്ധതി നടപ്പാക്കും.
കുടിനിവാസികളായ 20 അനിമേറ്റര്മാര് സൊസൈറ്റി കുടിയിലെ സി.ഡി.എസ് ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന സംഗമം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്പേഴ്സൻ അമരവതി അധ്യക്ഷത വഹിച്ചു. പി.ആര്.ഒ നാഫി മുഹമ്മദ് മുഖ്യപ്രഭാഷണവും സ്റ്റേറ്റ് ട്രൈബല്‍ പ്രോഗ്രാം ഓഫിസര്‍ മനോജ് പദ്ധതി വിശദീകരണവും നടത്തി.
സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ശാരിക, ജില്ല പ്രോഗ്രാം മാനേജര്‍ ബിജു ജോസഫ് എന്നിവര്‍ സംസാരിച്ചു. ആനിമേറ്റര്‍മാരായ സുപ്രിയ സ്വാഗതവും ശരത് നന്ദിയും പറഞ്ഞു. കുടുംബശ്രീ അംഗങ്ങള്‍ക്ക് പുറമെ ഊരുമൂപ്പന്മാര്, യൂത്ത് ക്ലബ് പ്രതിനിധികള്‍, ആനിമേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സൊസൈറ്റിക്കുടി, ഷെഡുകുടി, ഇഡലിപ്പാറക്കുടി അമ്പലപ്പടിക്കുടി എന്നിവിടങ്ങളില്‍ പ്രത്യേക ഊരുതല യോഗങ്ങളും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.